SHARE

കഴിഞ്ഞ ലോകകപ്പിന്‌റെ സെമിയിലേറ്റ കനത്ത തോൽവിക്ക്  പകരം വീട്ടിയപ്പോൾ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജർമനിക്കെതിരെ ബ്രസീലിന് ജയം. എതിരില്ലാത്ത ഒരു ​ഗോളിനാണ് സ്വന്തം കാണികൾക്ക് മുന്നിൽ ജർമനി അടിയറവ് പറഞ്ഞത്. 37-ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി താരം ​ഗബ്രിയേൽ ജീസസാണ് മഞ്ഞപ്പടയുടെ വിജയ​ഗോൾ നേടിയത്.

തോൽവിയോടെ ജർമനിയുടെ തുടർച്ചയായി 22 മത്സരങ്ങളുടെ അപരാജിത ജൈത്രയാത്രയാണ് അവസാനിച്ചത്. കഴിഞ്ഞ യൂറോ കപ്പ് സെമിയിൽ ഫ്രാൻസിനോട് തോറ്റതിന് ശേഷം ജോവാക്വം ലോയുടെ കുട്ടികൾ ആദ്യമായാണ് തോൽക്കുന്നത്.

-Advertisement-

കരുത്തരുടെ ഏറ്റുമുട്ടലെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു മത്സരത്തിൽ ഒന്നിനെതിരെ ആറ് ​ഗോളുകൾക്കാണ് സ്പെയിൻ അർജന്റീനയെ തകർത്തത്. റയൽ മഡ്രിഡ് താരം ഇസ്കോയുടെ ഹാട്രിക്കാണ് അർജന്റീനയെ നിലം പരിശാക്കിയത്. അത്ലെറ്റിക്കോ മഡ്രിഡിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ 12-ാം മിനിറ്റിൽ അത്ലെറ്റിക്കോ താരം ഡീ​ഗോ കോസ്റ്റ തന്നെയാണ് ​സ്പാനിഷ് ​ഗോൾവേട്ട തുടങ്ങിയത്. തീയ​ഗോ അൽകാൻട്ര, ഇ​ഗോ ആസ്പാസ് എന്നിവരാണ് മറ്റ് ​ഗോളുകൾ നേടിയത്.

നിക്കോളാസ് ഓട്ടാമെന്ഡിയാണ് അർജന്റീനയുടെ ആശ്വാസ​ഗോൾ നേടിയത്. സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയാണ് അർജന്റീന ഇറങ്ങിയത്. സ്പെയിനെതിരായ മത്സരത്തോടെ 142 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഹെവിയർ മഷറാനോ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരം കളിച്ച അർജന്റൈൻ താരമെന്ന ഹെവിയർ സെനത്തിയുടെ നേട്ടത്തിനൊപ്പമെത്തി.

കരുത്തരായ ഇം​ഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള പോരാട്ടം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ​ഗോൾ വീതം നേടി. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലെസ്റ്റർ താരം ജെയ്മി വാർഡി ഇം​ഗ്ലണ്ടിനായും ലോറൻസോ ഇൻസെയിൻ ഇറ്റലിക്കായും ​ഗോൾ നേടി. മറ്റ് പ്രധാന മത്സരങ്ങളിൽ ബെൽജിയം എതിരില്ലാത്ത നാല് ​ഗോളിന് സൗദി അറേബ്യയേയും, പോളണ്ട് രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് ദക്ഷിണ കൊറിയയേയും തോൽപ്പിച്ചു. നൈജീരിയയെ എതിരില്ലാത്ത രണ്ട് ​ഗോളിന് സെർബിയ തകർത്തു.