SHARE

പരിക്കേറ്റ സൂപ്പർ താരങ്ങൾ പരിശീലനത്തിനിറങ്ങിയതോടെ ബ്രസീൽ ആരാധകർ ആവേശത്തിൽ. പരിക്കിനെത്തുടർന്ന് ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് കരുതിയിരുന്ന ഡ​ഗ്ലസ് കോസ്റ്റ, ഡാനിലോ എന്നിവരാണ് കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയത്. ഇവർക്കൊപ്പം മാഴ്സലോയും പരിശീലനത്തിനിറങ്ങി.

കോസ്റ്റാറിക്കക്കെതിരെ ഇഞ്ച്വറി ടൈമിൽ വിജയം നേടിയ മത്സരത്തിലാണ് കോസ്റ്റയ്ക്ക് പരിക്കേറ്റത്. ആ മത്സരത്തിലെ ടീമിന്റെ വിജയശിൽപ്പികൂടിയായിരുന്നു പകരക്കാരനായിറങ്ങിയ കോസ്റ്റ. മത്സരത്തിൽ പരിക്കേറ്റ കോസ്റ്റയ്ക്ക് അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് ആദ്യം റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ താരം പരശീലനത്തിനിറങ്ങിയതോടെ, ആരാധകർ പ്രതീക്ഷയിലാണ്. കോസ്റ്റാറിക്കക്കെതിരായുള്ള മത്സരത്തിന് മുമ്പായി പരിശീലനത്തിനിടെയാണ് റൈറ്റ് ബാക്കായ ഡാനിലോയ്ക്ക് പരിക്കേറ്റത്. തുടർന്ന് രണ്ട് മത്സരങ്ങളിലും ഡാനിലോ കളിച്ചില്ല. ഫാ​ഗ്നറായിരുന്നു പകരക്കാരൻ.

രണ്ടു പേരും പരശീലനത്തിനിങ്ങിയെങ്കിലും മെക്സിക്കോയ്ക്കെതിരായ പ്രീക്വാർട്ടറിൽ ഇവർ കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ബ്രസീലിന്റ നോക്കൗട്ട് മത്സരത്തിന് രണ്ട് ദിവസം കൂടി ഉണ്ടെന്നതിനാൽ പ്രതീക്ഷ കൈവിടുന്നില്ല ടീ അധികൃതരും. സെർബിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ, മാഴ്സലോ അടുത്ത മത്സരത്തിൽ കളിക്കും.