SHARE

ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന മത്സരമാണ് ബ്രസീലും കോസ്‌റ്റോറിക്കയും തമ്മിലുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ മത്സരം സമനില വഴങ്ങിയത് കൊണ്ട് ഇന്നത്തെ മത്സരം ബ്രസീലിന് നിർണ്ണായകമാണ്. വൈകീട്ട് 5.30ന് സെൻ്റ് പീറ്റേഴ്സ് ബർഗിലാണ് മത്സരം നടക്കുന്നത്. ഇതുവരെ കോസ്റ്റാറിക്കയുമായി നടന്ന മത്സരങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ വ്യക്തമായ മുന്‍തൂക്കം ബ്രസീലിന് തന്നെയാണ്.

ഇരുരാജ്യങ്ങളും തമ്മില്‍ പത്തു തവണ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീല്‍ 9 മത്സരത്തിലും വിജയിച്ചു. എന്നാല്‍ ഒരു തവണ മഞ്ഞപ്പടയെ ഞെട്ടിക്കാന്‍ കോസ്റ്റാറിക്കയ്ക്ക് കഴിഞ്ഞുവെന്നതാണ് ചരിത്രം. 1960 മാര്‍ച്ച് 10ന് നടന്ന പാന്‍ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലാണ് കോസ്റ്റാറിക്ക ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തത്. 1956ല്‍ ബ്രസീല്‍ കോസ്റ്റാറിക്കയെ 7-1ന് പരാജയപ്പെടുത്തിയിരുന്നു. അതിനുള്ള പകരം ചോദിക്കല്‍ കൂടിയായിരുന്നു അവര്‍ക്ക് ആ മത്സരം. ബ്രസീലിനെ കോസ്റ്റാറിക്ക തോൽപ്പിച്ചപ്പോൾ അർജൻ്റീനയായിരുന്നു 60ലെ പാൻ അമേരിക്കൻ ചാമ്പ്യൻഷിപ്പ് വിജയികൾ. എന്നാല്‍ അതിന് ശേഷം നടന്ന മത്സരങ്ങളിലെല്ലാം ബ്രസീല്‍ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തി. 2015ല്‍ അവസാനമായി സൗഹൃദമത്സരം കളിച്ചപ്പോള്‍ ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം.

1960ലെ ബ്രസീൽ – കോസ്റ്റാറിക്ക മത്സരത്തിൽ നിന്ന്

റഷ്യന്‍ ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ക്രൊയേഷ്യ ശക്തരായ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോൽപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ന് ബ്രസീല്‍ കളത്തിലിറങ്ങുന്നത്. റൈറ്റ് വിംഗില്‍ ഡാനിലോക്ക് പരുക്ക് സംഭവിച്ചത് ഒഴിച്ച് നിര്‍ത്തിയാല്‍ കാര്യങ്ങളെല്ലാം ബ്രസീലിന് അനുകൂലമാണ്. എന്നാല്‍ അട്ടിമറികളും അദ്ഭുതങ്ങളും സംഭവിക്കുന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തില്‍ ബ്രസീല്‍ കോസ്റ്റാറിക്കയെ അൽപ്പം ഭയപ്പെടുകയാണെങ്കില്‍ അതില്‍ കുറ്റം പറയാനാവില്ല.