SHARE

കോപ്പ അമേരിക്ക ടൂർണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ബ്രസീലിന്‌ സമനില. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ വെനസ്വെലയാണ് ആതിഥേയരെ ഗോൾ രഹിത സമനിലയിൽ കുരുക്കിയത്. മത്സരത്തിൽ ബ്രസീൽ 2 തവണ വല കുലുക്കിയെങ്കിലും 2 തവണയും വാർ അവരുടെ ഗോൾ നിഷേധിക്കുകയായിരുന്നു‌.

തങ്ങളുടെ പരമ്പരാഗതമായ മഞ്ഞ ജേഴ്സിയണിഞ്ഞാണ് വെനസ്വേലയ്ക്കെതിരെ, ബ്രസീൽ കളിക്കാനിറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ ബ്രസീൽ പന്ത് കൈവശം വെച്ച് കളിച്ചെങ്കിലും ഗോളിലേക്കെത്താനായില്ല. മികച്ചൊരു കൗണ്ടർ അറ്റാക്കിൽ നിന്ന് ഗോളിനരികെ വരെയെത്തി വെനസ്വേല ആദ്യ പകുതിയിൽ ബ്രസീലിനെ ഒന്ന് ഞെട്ടിച്ചു. സാളമൻ റോണ്ടന്റെ ഹെഡർ പക്ഷേ പുറത്തേക്കായത് ബ്രസീലിന് രക്ഷയായി.

റിച്ചാർലിസണ് പകരം മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജീസസിനെ കളത്തിൽ ഇറക്കിയാണ് ടിറ്റെ രണ്ടാം പകുതിയിൽ ബ്രസീലിനെ വിന്യസിച്ചത്. ഈ സബ്സ്റ്റിറ്റ്യൂഷൻ ബ്രസീലിന് ഗുണമായി. ജീസസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോൾവല കുലുക്കി. എന്നാൽ വാർ പരിശോധനയ്ക്കൊടുവിൽ ഗോളിന് വഴിയൊരുക്കിയ ഫിർമീന്യോ ഓഫ് സൈഡാണെന്ന് റഫറി കണ്ടെത്തുകയായിരുന്നു. മത്സരത്തിൽ പിന്നീടും ബ്രസീൽ ഗോൾ വല കുലുകി.‌ കുട്ടീഞ്ഞോ യായിരുന്നു ഇത്തവണ ഗോൾ നേടിയത് എന്നാൽ ഇത്തവണയും വാർ വില്ലനായി. വീണ്ടും ബ്രസീലിന്റെ ഗോൾ നിഷേധിക്കപ്പെട്ടു. പിന്നീടുള്ള‌സമയങ്ങളിൽ‌ ഗോൾ നേടാൻ ഇരു ടീമുകൾക്കും കഴിയാതെ പോയതോടെ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.