SHARE

സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ കുരുക്കി സെനഗൽ. സിംഗപ്പൂരിലെ‌ ദി നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു‌ ബ്രസീലിന് വേണ്ടി റോബർട്ട് ഫിർമീന്യോ ഗോൾ നേടിയപ്പോൾ, പെനാൽറ്റിയിൽ നിന്ന് ഡീദിയു ആയിരുന്നു സെനഗലിനായി സ്കോർ ചെയ്തത്.

ബ്രസീൽ സൂപ്പർ താരം നെയ്മറിന്റെ നൂറാം മത്സരമായിരുന്നു ഇന്ന് സെനഗലിനെതിരെ നടന്നത്. മത്സരത്തിന്റെ ഒൻപതാം മിനുറ്റിൽ ഗബ്രിയേൽ ജീസസ് നൽകിയ പന്തിൽ നിന്നാണ് ഫിർമീന്യോ ബ്രസീലിന്റെ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് സാദിയോ മാനെയെ വീഴ്ത്തിയതിന് സെനഗലിന് അനുകൂലമായി പെനാൽറ്റി. കിക്കെടുത്ത ഡീദിയുവിന് പിഴച്ചില്ല. സ്കോർ ഒപ്പത്തിനൊപ്പമെത്തി (1-1).

എൺപത്തിയഞ്ചാം മിനുറ്റിൽ സാദിയോ മാനെ സെനഗലിന് ലീഡ് സമ്മാനിക്കുമെന്ന് കരുതിയെങ്കിലും, പോസ്റ്റ് വില്ലനായി. മത്സരത്തിലുടനീളം ബ്രസീലിന് തലവേദന നൽകിയ സാദിയോ മാനെയുടെ പ്രകടനം ഫുട്ബോൾ പ്രേമികൾക്ക്ഏറെ ആവേശം നൽകി. അതേ സമയം നൈജീരിയക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത സൗഹൃദ മത്സരം. ഞായറാഴ്ച സിംഗപ്പൂരിൽ വെച്ച് തന്നെയാണ് ഈ കളിയും നടക്കുക.