ഈ വർഷത്തെ തങ്ങളുടെ അവസാന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ ബ്രസീൽ ആഫ്രിക്കൻ കരുത്തരായ കാമറൂണിനെ നേരിടും. നവംബർ 20-ന് ഇംഗ്ലണ്ടിലെ ബക്കിങ്ങാംഷെയറിലെ മിൽട്ടൻ കെയ്നസ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
നവംബർ 16-ന് ഇംഗ്ലണ്ടിലെ തന്നെ എമിറൈറ്റ്സ് സ്റ്റേഡിയത്തിൽ ബ്രസീൽ യുറുഗ്വെയെ നേരിടുന്നുണ്ട്. ഇതിന് പിന്നാലെയാണ് കാമറൂണിനെതിരായ മത്സരം. ലോകകപ്പിന് ശേഷം ഇതുവരെ നടന്ന എല്ലാ സൗഹൃദമത്സരങ്ങളും ജയിച്ചാണ് ബ്രസീലിന്റെ വരവ്. അതേസമയം പരിശീലകനായി ഡച്ച് ഇതിഹാസം ക്ലാരൻസ് സീഡോർഫും സഹപരിശീലകനായി മറ്റൊരു ഇതിഹാസം പാട്രിക്ക് ക്ലൈവർട്ടും എത്തിയതിന്റെ ആവേശത്തിലാണ് കാമറൂൺ.അജയ്യരായ സിംഹങ്ങൾ എന്ന് വിളിപ്പേരുള്ള കാമറൂൺ നിലവിലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളാണ്.
1994 ലോകകപ്പിലാണ് ബ്രസീലും കാമറൂണും തമ്മിലുള്ള ആദ്യ പോരാട്ടം നടക്കുന്നത്. അന്ന് ജയം ബ്രസീലിനൊപ്പമായിരുന്നു. 2014- ലോകകപ്പിലാണ് അവസാനമായി ഇരുവരും ഏറ്റുമുട്ടിയത്. അന്നും വിജയം കാനറിപ്പടയ്ക്കൊപ്പമായിരുന്നു. 2003 കോൺഫെഡറേഷൻ കപ്പിലായിരുന്നു ബ്രസീലിനെതിരെ കാമറൂണിന്റെ ഏക ജയം. അന്ന് വിജയഗോൾ നേടിയത് ഇതിഹാസതാരം സാമുവൽ എറ്റുവായിരുന്നു