SHARE

റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ബ്രസീലും ക്രൊയേഷ്യയും സൗഹൃദമത്സരം കളിക്കും. ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലെ ആന്‍ഫീല്‍ഡിലാണ് ഇരു ടീമുകളും പോരിനിറങ്ങുന്നത്. 2014-ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്നത് ഇത് ആദ്യമാണ്.

ലോകകപ്പില്‍ അര്‍ജന്റീനയുടെ ഗ്രൂപ്പിലാണ് ക്രൊയേഷ്യയുമുള്ളത്. അതിനാല്‍ തന്നെ അര്‍ജന്റീനയുമായുള്ള മത്സരം മുന്നില്‍ കണ്ടാണ് ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീലുമായി ലോകകപ്പ് കിക്കോഫിന് ദിവസങ്ങള്‍ മുന്‍പ് മത്സരം നടത്തുന്നത്. അര്‍ജന്റീനയ്ക്ക് പുറമേ നൈജീരിയ, ഐസ്ലന്‍ഡ് എന്നീ ടീമുകളും ക്രൊയേഷ്യയുടെ ഗ്രൂപ്പില്‍ തന്നെയാണ്. ലോകകപ്പിലെ തന്നെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പാണിത്.

അതേസമയം നൈജീരിയയെ നേരിടുന്നതിലാണ് ശ്രദ്ധിക്കേണ്ടതെന്ന് മുന്‍ താരങ്ങളടക്കം ക്രൊയേഷ്യന്‍ ടീമിന് ഉപദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ രണ്ടാം തീയതി ഇംഗ്ലണ്ടുമായി നൈജീരിയയക്കും സൗഹൃദമത്സരങ്ങളുണ്ട്. കരുത്തരായ സ്‌പെയിന്‍, ഇറ്റലി എന്നിവരുമായാണ് അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങള്‍.