SHARE

അടുത്ത മാസം റഷ്യയില്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് പന്തുരുളുമ്പോള്‍ 2014ല്‍ സ്വന്തം മണ്ണില്‍ വീണ കണ്ണീരിന് ബ്രസീല്‍ പകരം ചെയ്യണമെന്ന് ആഗ്രഹിക്കാത്ത ആരാധകരുണ്ടാവില്ല. ലോകമെമ്പാടുമുള്ള ആരാധകര്‍ ബ്രസീലിന്റെ ആറാം കിരീടം നേടി ചരിത്രം തീര്‍ക്കുമെന്ന വിശ്വാസത്തില്‍ തന്നെയാണുള്ളത്. എന്നാല്‍ ബ്രസീലില്‍ നിന്ന് അത്ര സുഖകരമായ വാര്‍ത്തകളല്ല, പുറത്തു വരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ലോകകപ്പ് വരുമ്പോഴുള്ള ആവേശം കാണാനില്ലെന്ന് അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടീമിന്റെ ജേഴ്‌സിയും മറ്റുമെല്ലാം വില്‍ക്കുന്ന സുവനീര്‍ ഷോപ്പുകളില്‍ പ്രതീക്ഷിച്ച കച്ചവടം നടക്കുന്നില്ല. ഒപ്പം മാധ്യമങ്ങളെല്ലാം സൂപ്പര്‍ താരം നെയ്മറിന്റെ പരുക്കിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ രീതിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒപ്പം കഴിഞ്ഞ വര്‍ഷം ജര്‍മ്മനിക്കെതിരെ 7-1ന് ബ്രസീല്‍ തകര്‍ന്നടിഞ്ഞതും ആരാധകരുടെ ആവേശം കെടാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാന ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ അഭിപ്രായ സര്‍വ്വേയനുസരിച്ച് 66 ശതമാനം ബ്രസീലുകാര്‍ക്കും വരുന്ന ലോകകപ്പില്‍ വലിയ താല്‍പ്പര്യമില്ലെന്നാണ് പറയപ്പെടുന്നത്. ഇക്കൂട്ടത്തില്‍ തീരെ താല്‍പ്പര്യമില്ലാത്തവരുമുണ്ട്. 14.5 ശതമാനം ആളുകള്‍ക്ക് ലോകകപ്പ് എവിടെയാണ് നടക്കുന്നതെന്ന് പോലും അറിയില്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്.

കുറച്ചു നാളുകളായി രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യവും ഇതിനുള്ള കാരണമായി വിദഗ്ദര്‍ ചുണ്ടിക്കാട്ടുന്നുണ്ട്. മുമ്പ് 5000 ജേഴ്‌സികള്‍ ഓര്‍ഡര്‍ ചെയ്ത് വില്‍പ്പന നടത്തിയിരുന്ന കച്ചവടക്കാരന്‍ പൗളോ സാന്റോസിന്റെ വാക്കുകളിങ്ങനെ – ‘ മുമ്പ് ലോകകപ്പ് വരുമ്പോള്‍ 5000 ജേഴ്‌സികളാണ് ഞാന്‍ ആദ്യം തന്നെ ഓര്‍ഡര്‍ ചെയ്യാറുള്ളത്, അതെല്ലാം വിറ്റു പോവാറുമുണ്ട്, ഇക്കുറി റിസ്‌കെടുക്കാന്‍ വയ്യ, ആദ്യം 100 ജേഴ്‌സികള്‍ ഓര്‍ഡര്‍ ചെയ്യണം, ടീം ആദ്യ മത്സരം വിജയിച്ചാല്‍ 200 എണ്ണം കൂടി, അങ്ങനെ വിജയിക്കുന്നതിനുസരിച്ച് ജേഴ്‌സി ഓര്‍ഡര്‍ ചെയ്യണം’. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഈ അവസ്ഥ നേരിടുന്നത് ഫുട്ബോൾ ലോകത്തെ അമ്പരപ്പിക്കുകയാണ്.

എന്തായാലും ഇത്തവണ ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളായി കരുതപ്പെടുന്നതും ബ്രസീലിനെ തന്നെയാണ്. സൂപ്പര്‍ താരം നെയ്മറിന്റെ പരുക്ക് മാറിയത് ടീമിന് വലിയ ആശ്വാസമാണ് നല്‍കിയത്. എന്നാല്‍ ഡാനി ആല്‍വസ് പരുക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. എങ്കിലും ലോകകപ്പില്‍ ബ്രസീല്‍ ശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഇത്തവണ കോസ്റ്റാറിക്ക, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയവര്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ബ്രസീലിന്റെ സ്ഥാനം. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ജൂണ്‍ 17നാണ് അവരുടെ ആദ്യ മത്സരം.