SHARE

ഇന്ത്യൻ സൂപ്പർലീ​ഗ് എട്ടാം സീസണിന് തയ്യാറെടുക്കുന്നു ബെം​ഗളുരു എഫ്.സി ഒരു സൈനിങ് കൂടി പൂർത്തിയാക്കി. ബ്രസീലിയൻ മധ്യനിരതാരം ബ്രൂണോ റാമിറെസാണ് ക്ലബിനൊപ്പം ചേരുന്നത്. രണ്ട് വർഷത്തെ കരാറിലാണ് ബെം​ഗളുരു ഈ താരത്തെ സൈൻ ചെയ്തത്.

27-കാരനായ ബ്രൂണോ ബ്രസീലിലെ സൂപ്പർ ക്ലബായ ക്രുസെയ്റോയിലൂടയാണ് കരിയർ തുടങ്ങുന്നത്. പിന്നീട് ബ്രസീലിലും പോർച്ചു​ഗലിലുമായി ബ്രൂണോ ക്ലബ് ഫുട്ബോൾ തുടർന്നു. ഏറ്റവുമൊടുവിൽ പോർച്ചു​ഗീസ് ക്ലബ് ബെലെനെൻസെസിന് വേണ്ടിയാണ് ബ്രൂണോ കളിച്ചത്.

മാർകോ പെസായോളി ബെം​ഗളുരു പരിശീലകനായെത്തിയശേഷം നടത്തുന്ന നാലാം വിദേശസൈനിങ്ങാണ് ബ്രൂണോയുടേത്. യോൻഡു മുസാവ കിങ്, അലൻ കോസ്റ്റ്, പ്രിൻസ് ഇബാറ എന്നിവരാണ് ഇതിനകം ബെം​ഗളുരുവിലെത്തിയ വിദേശികൾ. കഴിഞ്ഞ സീസണിൽ കളിച്ച ക്ലെയ്റ്റൻ സിൽവ ഇക്കുറിയും ക്ലബിനൊപ്പം തുടരും.

ബെം​ഗളുരുവിന്റെ ഏഷ്യൻ പ്രതിനിധി ആരെന്ന കാര്യത്തിലെ ഇനി വ്യക്തത വരാനുള്ളു. നിലവിൽ ഓസ്ട്രേലിയൻ മധ്യനിരതാരം എറിക് പാർത്താലുവുമായി ക്ലബിന് കരാറുണ്ട്. എന്നാൽ ഇതിന് റദ്ദാക്കാനാണ് ക്ലബിന്റെ ശ്രമം. കരാർ പൂർത്തിയാക്കാനാണ് പാർത്താലു ആ​ഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ ഇനിയും തീരുമാനം വരാനിരിക്കുന്നതേയുള്ളു.