SHARE

അയാള്‍ ജേഴ്‌സിയും ബൂട്ടുമണിഞ്ഞ് ഗ്രൗണ്ടിലേക്കെത്തുമ്പോള്‍, മറക്കാനാ സ്‌റ്റേഡിയത്തില്‍ നിറഞ്ഞിരുന്ന ആരാധകര്‍ ഒന്നിച്ചാര്‍ത്തുവിളിച്ചു ‘ ദ എംപറര്‍ ഹാസ് റിട്ടേണ്‍ഡ് ‘. ലോകകുഫ്ടബോള്‍ തന്നെ അടക്കിവാഴാന്‍ കഴിയുന്ന വിസ്‌ഫോടനശേഷിയുള്ള കാലുകള്‍ക്കുടമയെന്ന് , ഓരുകാലത്ത് വിശേഷിപ്പിക്കപ്പെട്ട ഒരു കളിക്കാരന്റെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മടങ്ങിവരവായിരുന്നു അത്. അയാളുടെ പേര് അഡ്രിയാനോ ലീറ്റെ റിബേരിയോ, ആരാധകര്‍ അയാളെ ദ എംപറര്‍ എന്ന് വിശേഷിപ്പിച്ചു.

കഴിഞ്ഞ ദിവസം ബ്രസീലിലെ മറക്കാന സ്റ്റേഡിയത്തില്‍ നടന്ന ചാരിറ്റി മത്സരത്തിലാണ് അഡ്രിയാനോയുടെ തിരിച്ചുവരവിന് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത അഡ്രിയാനോ ഒരു ഗോള്‍ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു. മത്സരശേഷം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക്‌ മടങ്ങിയെത്താനുള്ള ആഗ്രഹവും അഡ്രിയാനോ പ്രകടിപ്പിച്ചു. എല്ലാം നന്നായി പോകുന്നു, എന്റെ ആരാധകര്‍ മാത്രമല്ല, കുടുംബവും എന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു അഡ്രിയാനോ പറഞ്ഞു. പഴയ ടീമായ ഫ്‌ലെമെങ്ങോ അഡ്രിയാനോയില്‍ താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

റൊണാള്‍ഡോയ്ക്ക് ശേഷം ബ്രസീല്‍ നല്‍കിയ എറ്റവും മികച്ച സ്‌ട്രൈക്കറാണ് അഡ്രിയാനോ. റോണോയുടെ പിന്മുറക്കാരന്‍ എന്ന് വിശേഷണവും അയാള്‍ക്കുണ്ടായിരുന്നു. കരുത്തും, കൃത്യതയുമുള്ള ഫിനിഷിങ്ങുകളും, അസാമാന്യ ഡ്രിബ്ലിങ്ങുകളും സ്‌കില്ലുകളുമായി ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനൊപ്പം നേട്ടങ്ങള്‍ കീഴടക്കി അഡ്രിയാനോ. ബ്രസീല്‍ ദേശീയ ടീമിനായി കോണ്‍ഫെഡറേഷന്‍ കപ്പും കോപ്പ അമേരിക്കയും നേടിക്കൊടുത്തു.

ഇതിനിടെയായിരുന്നു അഡ്രിയാനോയുടെ പിതാവിന്‌റെ മരണം. ഇതോടെ ആകെ തകര്‍ന്ന അഡ്രിയാനോ മയക്കുമരുന്നിനും മറ്റും അടിമയായി. മയക്കമരുന്ന് കടത്ത് കേസില്‍ അഡ്രിയാനോ പ്രതിയായെങ്കിലും പിന്നീട് വെറുതേവിട്ടു. പിന്നീടൊരിക്കലും തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്താന്‍ അഡ്രിയാനോയ്ക്കായില്ല. ഫോമിനോട് നീതിപുലര്‍ത്തനാകാത്ത കളിക്കാരനെന്ന ചീത്തപ്പേര് എന്നും അഡ്രിയാനോയ്ക്കുണ്ട്.

ഒട്ടേറെ ക്ലബുകളില്‍ ഇക്കാലത്തിനിടെ ചേക്കേറിയ അഡ്രിയാനോ എന്നാല്‍ ഒരിടത്തും ഉറച്ചുനിന്നില്ല. പിതാവിന്റെ മരണത്തോടെ തകര്‍ന്നുപോയ അഡ്രിയാനോയെ കളിക്കളത്തിലേക്ക് മടക്കിക്കൊണ്ടുവരാനാകാത്തതാണ് തന്റെ വലിയ ദുഖമെന്ന് ഇന്റര്‍ നായകനായിരുന്ന അര്‍ജന്റൈന്‍ താരം ഹെവിയര്‍ സെനത്തി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.