SHARE

ഇത് വരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്ത് സിംബാബ്‌വെ ഇതിഹാസ താരം ബ്രണ്ടൻ ടെയ്ലർ. 2014 ലെ ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്ന ടെയ്ലർ, കഴിഞ്ഞ ദിവസം ഒരിന്ത്യൻ മാധ്യമത്തോട് സംസാരിക്കവെയാണ് തന്റെ എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനെ ‌തിരഞ്ഞെടുത്തത്. അതേ സമയം ഐപിഎല്ലിൽ തകർപ്പൻ റെക്കോർഡുള്ള സുരേഷ് റെയ്ന, രോഹിത് ശർമ്മ എന്നിവരെ ടെയ്ലർ തന്റെ ടീമിൽ ഉൾപ്പെടുത്തിയില്ല എന്നതാണ്‌ കൗതുകം.

വെസ്റ്റിൻഡീസ് വെടിക്കെട്ട് വീരൻ ക്രിസ് ഗെയിലും, ഇന്ത്യൻ ഇതിഹാസം വീരേന്ദർ സേവാഗും ചേർന്നാണ് ടെയ്ലർ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഐപിഎൽ ഇലവന്റെ ബാറ്റിംഗ് ഓപ്പൺ ചെയ്യുന്നത്. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി മൂന്നാമത് ബാറ്റിംഗിനെത്തും. എബി‌ ഡിവില്ലിയേഴ്സ് യുവരാജ് സിംഗ്, മഹേന്ദ്ര സിംഗ് ധോണി, രവീന്ദ്ര ജഡേജ എന്നിവരാണ്‌ യഥാക്രമം 4 മുതൽ 7 വരെ സ്ഥാനങ്ങളിൽ കളിക്കുക. വിൻഡീസിന്റെ സുനിൽ നരൈനും, ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിനും ചേർന്ന് സ്പിൻ നിരയെ നയിക്കുമ്പോൾ, ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളായ ലസിത് മലിംഗയും, ജസ്പ്രിത് ബും റയുമാണ് ഈ ടീമിലെ‌ ഫാസ്റ്റ് ബോളർമാർ.