SHARE

ക്രിക്കറ്റ് ലോകത്തെ നടക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ സിംബാംവെ സൂപ്പർതാരം ബ്രണ്ടൻ ടെയ്ലർ. ഒത്തുകളി നടത്താനായി താൻ പണം വാങ്ങിയിരുന്നുവെന്നാണ് ടെയ്ലർ പറഞ്ഞത്. മയക്കുമരുന്ന് ഉപയോ​ഗിക്കുന്ന ചിത്രം പിറത്തുവിടുമെന്ന് പറഞ്ഞ് ഒരു ഇന്ത്യൻ വ്യവസായി ഭീഷണിപ്പെടുത്തിയതോടെയാണ് തനിക്ക് പണം വാങ്ങേണ്ടിവന്നതെന്നാണ് ടെയ്ലർ പറഞ്ഞത്. ട്വിറ്ററിലൂടെയാണ് ടെയ്ലർ ഇക്കാര്യം വിശദീകരിച്ചത്.

2019-ൽ നടന്ന സംഭവത്തെക്കുറിച്ചാണ് ടെയ്ലർ വെളിപ്പെടുത്തുന്നത്. സിംബാവെയിൽ ഒരു ടി20 ലീ​ഗ് നടത്തുന്നതിന്റെ ആവശ്യത്തിനായി തന്നെ വ്യവസായി ഇന്ത്യയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നാണ് ടെയ്ലർ പറയുന്നത്. അതിനായി 12 ലക്ഷത്തോളം രൂപയും നൽകാമെന്ന് പറഞ്ഞു. സംശയം തോന്നിയെങ്കിലും ആ സമയത്തെ സിംബാവെ ക്രിക്കറ്റിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ഞാൻ അത് സമ്മതിച്ചു. പിന്നീട് ഇന്ത്യയിലെത്തിയശേഷം ഒരു പാർട്ടിക്കിടെ അവർ മയക്കുമരുന്ന് തന്നു, അവരും അതുപയോ​ഗിച്ചിരുന്നതിനാൽ ഞാൻ അത് സ്വീകരിച്ചു, എന്നാൽ അവർ എന്നെ കബളിപ്പിക്കുകയായിരുന്നു, ടെയ്ലർ പറഞ്ഞു.

ഇതിന്റെ പിറ്റേദിവസം താൻ മയക്കുമരുന്ന് ഉപോയി​ഗക്കുന്ന ദൃശ്യങ്ങളുമായി വ്യവസായി മുറിയിലെത്തിയെന്നും ഒത്തുകളിക്ക് തയ്യാറായില്ലെങ്കിൽ ചിത്രങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി, ഒടുവിൽ അവിടെനിന്ന് രക്ഷപെടാൻ മറ്റ് വഴിയൊന്നുമില്ലാത്തതിനാൽ താൻ ആ പണം സ്വീകരിക്കുകയായിരുന്നുവെന്നും ടെയ്ലർ പറഞ്ഞു.

അതേസമയം പണം സ്വീകരിച്ചെങ്കിലും താൻ ഒത്തുകളി നടത്തിയിട്ടില്ല എന്നും ടെയ്ലർ പറഞ്ഞു. മാനസിക സമ്മർദങ്ങൾ നേരിട്ടതോടെ സംഭവം നടന്ന് നാല് മാസം കഴിഞ്ഞാണ് ഇക്കാര്യം ഐസിസിയെ ടെയ്ലർ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതിനൊടുവിൽ തനിക്ക് വർഷങ്ങളോളം വിലക്ക് നേരിടാനും സാധ്യതയുണ്ടെന്നും ടെയ്ർ അറിയിച്ചു.