SHARE

അടുത്ത സീസൺ ഐപിഎല്ലിന്റെ താരലേലത്തിന് മുന്നോടിയായി ടീമുകൾക്ക് തങ്ങൾക്ക് വേണ്ട താരങ്ങളെ നിലനിർത്തുന്നതിന് വേണ്ടി നൽകിയ സമയം നവംബർ പതിനഞ്ചിന് അവസാനിച്ചിരുന്നു. ഇതേ വരെ ഐപിഎൽ കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ലാത്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം, കഴിഞ്ഞ സീസണിൽ അവർക്കൊപ്പമുണ്ടായിരിന്ന ന്യൂസിലൻഡ് സൂപ്പർ താരങ്ങളായ ബ്രണ്ടൻ മക്കലത്തേയും, കോറി ആൻഡേഴ്സണേയും ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ തങ്ങളെ പുറത്താക്കിയിട്ടും ടീമുകൾക്ക് നന്ദി പ്രകടിപ്പിച്ച് കൊണ്ട് ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി വാങ്ങിച്ചിരിക്കുകയാണ് ഇരുവരും.

ട്വിറ്ററിലൂടെയായിരുന്നു തങ്ങളുടെ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മക്കല്ലവും, കോറി ആൻഡേഴ്സണും നന്ദി പറഞ്ഞത്. കഴിഞ്ഞ സീസണ് മുന്നോടിയായുള്ള ഐപിഎൽ ലേലത്തിൽ നിന്ന് വൻ പ്രതീക്ഷയോടെയാണ് മക്കല്ലത്തെ ബാംഗ്ലൂർ വാങ്ങിയതെങ്കിലും ടീമിന്റെ പ്രതീക്ഷയ്ക്കൊത്തുയരാൻ താരത്തിനായിരുന്നില്ല. 6 മത്സരങ്ങൾ മാത്രമായിരുന്നു താരം സീസണിൽ കളിച്ചത്.

കോറി ആൻഡേഴ്സണും കഴിഞ്ഞ സീസണിലാണ് ബാംഗ്ലൂരിലേക്കെത്തിയത്‌. മൂന്ന് മത്സരങ്ങൾ മാത്രം സീസണിൽ അവർക്കായി കളിച്ച ആൻഡേഴ്സണ് ബാറ്റിംഗിലും ബോളിംഗിലും പ്രതീക്ഷിച്ച മികവ് പുറത്തെടുക്കാൻ കഴിഞ്ഞ ഐപിഎല്ലിൽ കഴിഞ്ഞിരുന്നില്ല.