SHARE

ഐപിഎല്ലിൽ ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ നടന്ന തങ്ങളുടെ നിർണായക മത്സരത്തിൽ ടിം സീഫർട്ടിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. പരിചയസമ്പന്നനായ ഷക്കീബ് അൽഹസൻ സ്ക്വാഡിലുണ്ടായിരുന്നിട്ടും അദ്ദേഹത്തെ മറികടന്ന് സീഫർട്ടിനെ കളിപ്പിക്കാനുള്ള കൊൽക്കത്തയുടെ നീക്കം ആരാധകരുടെയടക്കം നെറ്റി ചുളിപ്പിച്ചിരുന്നു. ഇത് മൂലം ടീമിന് തങ്ങളുടെ അഞ്ചാം ബോളറായി വെങ്കടേഷ് അയ്യർ, നിതീഷ് റാണ എന്നിവരെ ഉപയോഗിക്കേണ്ടിയും വന്നു. എന്നാൽ മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെ ഷക്കീബിനെ മറികടന്ന് സീഫർട്ടിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതിന്റെ കാരണം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകൻ ബ്രണ്ടൻ മക്കല്ലം വിശദീകരിച്ചു.

കരീബിയൻ പ്രീമിയർ ലീഗിൽ സീഫർട്ട് പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് അദ്ദേഹത്തെ മധ്യനിര ബാറ്റ്സ്മാനായി ടീമിലുൾപ്പെടുത്താൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് പറഞ്ഞ മക്കല്ലം, ബാറ്റ് കൊണ്ടും പന്ത് കൊണ്ടു ടീമിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള ഷക്കീബ് വരും മത്സരങ്ങളിൽ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞുമില്ല.

“ഷക്കീബും സെലക്ഷന് ലഭ്യമായിരുന്നു. ഞങ്ങൾക്ക് നിരവധി സ്ക്വാഡ് ഓപ്ഷനുകളുണ്ട്‌. പരിശീലകനായിരിക്കുമ്പോൾ നിങ്ങൾക്ക് ചില തീരുമാനങ്ങളെടുക്കേണ്ടി വരും. കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാബോ നൈറ്റ് റൈഡേഴ്സിനായി സീഫർട്ട് മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. മധ്യനിരയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ചു.”

“മധ്യനിര കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഞങ്ങൾക്ക് തോന്നി. ഞങ്ങൾക്ക് ഒരു മികച്ച തുടക്കം ലഭിച്ചതിനാൽ ടിമ്മിനെ ബാറ്റിംഗ് ഓർഡറിൽ മോർഗനേക്കാളും, കാർത്തിക്കിനേക്കാളും താഴേക്ക് മാറ്റുകയായിരുന്നു. സെലക്ഷനെക്കുറിച്ച് സംസാരിക്കുമ്പോളൊക്കെ ഷക്കീബ് അവിടെയുണ്ടാകും‌. ഇടത് കൈ ഓർത്തഡോക്സ് പന്തെറിയാനും, ബാറ്റ് ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവു തന്നെ കാരണം.” മക്കല്ലം പറഞ്ഞു.