SHARE

കഴിഞ്ഞ‌ദിവസം എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ന്യൂസിലൻഡ് സൂപ്പർ താരം ബ്രണ്ടൻ മക്കല്ലം, ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹപരിശീലകനാകുമെന്ന് റിപ്പോർട്ട്. ഇതിന് പുറമേ കരീബിയൻ പ്രീമിയർ ലീഗ് ടീമായ ട്രിൻബാബോ നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനായും മക്കല്ലം പ്രവർത്തിക്കും. ഇ എസ് പി എൻ ക്രിക്കിൻഫോയാണ് ഇപ്പോൾ ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

നേരത്തെ സൈമൺകാറ്റിച്ച്, ജാക്വസ് കാലീസ് എന്നിവരായിരുന്നു ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകർ. എന്നാൽ കഴിഞ്ഞയിടയ്ക്ക് ഇവരുമായുള്ള കരാർ കൊൽക്കത്ത അവസാനിപ്പിച്ചിരുന്നു. ഈ ഒഴിവിലാണ് മക്കല്ലം ടീമിനൊപ്പമെത്തുന്നത്. 2016 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും തുടർന്നും ലോകത്തെ വിവിധ ടി20 ലീഗുകളിൽ സജീവമായിരുന്ന മക്കല്ലം, കഴിഞ്ഞ ദിവസമാണ് എല്ലാത്തരം ക്രിക്കറ്റിൽ നിന്നുമുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്.

അതേ സമയം തന്റെ മുൻ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കുള്ള മക്കല്ലത്തിന്റെ തിരിച്ചുവരവ് കൂടിയാണിത്. 2008 മുതൽ 2010 വരെയും, പിന്നീട് 2012, 2013 വർഷങ്ങളിലും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളികാര നായിരുന്നു മക്കല്ലം‌. 2009 ൽ അവരുടെ നായകനായും അദ്ദേഹം പ്രവർത്തിച്ചു.