SHARE

കരിയറിൽ താൻ ഏറ്റവുമധികം ഭയപ്പെട്ടിരുന്ന ബാറ്റ്സ്മാൻ മുൻ ന്യൂസിലൻഡ് സൂപ്പർ താരവും ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനുമായ ബ്രെണ്ടൻ മക്കല്ലം ആയിരുന്നുവെന്ന് ഓസ്ട്രേലിയൻ സ്റ്റാർ പേസർ പാറ്റ് കമ്മിൻസ്. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സി‌ന്റെ വെബ്സൈറ്റിനോട് സംസാരിക്കവെയായിരുന്നു ഇക്കുറി ടീമിലെത്തിയ കമ്മിൻസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മക്കല്ലത്തെ താൻ ഭയപ്പെട്ടിരുന്നുവെന്ന് പറയുന്ന കമ്മിൻസ്, ന്യൂസിലൻഡിനായി അദ്ദേഹം കളിച്ചിരുന്നപ്പോളും, ഐപിഎല്ലിൽ എതിരെ കളിച്ചിരുന്നപ്പോളും അത് അങ്ങനെ തന്നെയായിരുന്നുവെന്ന് കൂട്ടിച്ചേർത്തു.

കമ്മിൻസിന്റെ വാക്കുകൾ ഇങ്ങനെ, ” ഇനി അദ്ദേഹത്തിനെതിരെ പന്തെറിയേണ്ട എന്നതാണ് എന്നെ ഇപ്പോൾ ആവേശഭരിതനാക്കുന്നത്. കരിയറിൽ ഞാൻ ഏറ്റവും ഭയപ്പെട്ടിരുന്ന ഹിറ്റർമാരിൽ ഒരാളായിരുന്നു അദ്ദേഹം. മത്സരത്തിന്റെ ആദ്യ പന്താകാം എറിയുന്നത്, എന്നാൽ അദ്ദേഹം അത് നിങ്ങളുടെ തലയ്ക്ക് മുകളിലൂടെ സിക്സർ പറത്തും. അദ്ദേഹം പരിശീലകനായി എന്റെ ടീമിലുണ്ടെന്നതിലും, ഇനി അദ്ദേഹത്തിനെതിരെ പന്തെറിയേണ്ട എന്നതിലും ഞാൻ സന്തുഷ്ടനാണ്. കൊൽക്കത്തൻ താരം പറഞ്ഞു നിർത്തി.