SHARE

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന്റെ 2021-22 സീസണിലേക്ക് സ്ഥാനക്കയറ്റം നേടി ബ്രെന്റ്ഫോഡ്. രണ്ടാം ഡിവിഷനായ ഇ.എഫ്.എൽ ചാമ്പ്യൻഷിപ്പിന്റെ പ്ലേ ഓഫ് ഫൈനലിൽ സ്വാൻസി സിറ്റിയെ തോൽപ്പിച്ചാണ് ബ്രെന്റ്ഫോഡ് പ്രീമിയർ ലീ​ഗിലേക്കെത്തുന്നത്. ഇതാദ്യമായാണ് ഇവർ പ്രീമിയർ ലീ​ഗിലേക്ക് വരുന്നത്,

ലീ​ഗ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്താണ് ബ്രെന്റ്ഫോഡ് ഫിനിഷ് ചെയ്തത്. ഇതോടെയാണിവർക്ക് പ്ലേ ഓഫ് കളിക്കേണ്ടിവന്നത്. പ്ലേ ഓഫ് സെമിയിൽ ബേൺമത്തിനെ തകർത്ത ബ്രെന്റ്ഫോഡ് ഫൈനലിൽ എതിരില്ലാത്ത രണ്ട് ​​ഗോളിനാണ് സ്വാൻസിയെ വീഴ്ത്തിയത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പത്താം മിനിറ്റിൽ ഇവാൻ ടോണിയും ഇരുപതാം മിനിറ്റിൽ എമിലിയാനോ മാർക്കോൻഡെസുമാണ് ബ്രെന്റ്ഫോഡിനായി ​ഗോളുകൾ നേടിയത്.

രണ്ടാം ഡിവിഷനിൽ ജേതാക്കളായ നോർവിച്ച് സിറ്റിയും രണ്ടാം സ്ഥാനക്കാരായ വാറ്റ്ഫോർഡും നേരത്തെ പ്രീമിയർ ലീ​ഗിലേക്ക് സ്ഥാനക്കയറ്റം നേടിയിരുന്നു. 1947-ൽ ഫസ്റ്റ് ഡിവിഷനായിരിക്കുമ്പോഴാണ് ബ്രെന്റ്ഫോർഡ് അവസാനമായി ടോപ് ഡിവിഷനിൽ കളിച്ചത്. കഴിഞ്ഞ സീസണിലും ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിൽ ബ്രെന്റ്ഫോഡ് എത്തിയെങ്കിലും അവിടെ ഫുൾഹാമിനോട് പരാജയപ്പെട്ടു.