SHARE

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കറാണെന്ന് ഓസ്ട്രേലിയൻ ഇതിഹാസ പേസ് ബോളർ ബ്രറ്റ് ലീ. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ട്ഡ് എന്ന പരിപാടിക്കിടെയായിരുന്നു സച്ചിനെ വാനോളം പ്രശംസിച്ച് ലീ രംഗത്തെത്തിയത്.

സ്റ്റാർ സ്പോർട്സിലെ പരിപാടിക്കിടെ ബ്രറ്റ് ലീക്ക്, സച്ചിൻ ഓസ്ട്രേലിയക്കെതിരെ കളിച്ച ഇന്നിംഗ്സുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏത് എന്ന ചോദ്യം നേരിടേണ്ടി‌ വന്നു. എല്ലായ്പ്പോളും ഓസീസിനെതിരെ സെഞ്ചുറി നേടുന്ന സച്ചിന്റെ ഏത് ഇന്നിംഗ്സാണ് താൻ തിരഞ്ഞെടുക്കുക എന്ന് തമാശരൂപേണ ചോദിച്ച ബ്രറ്റ് ലീ, 1999 ലെ ബോക്സിംഗ് ഡേ ടെസ്റ്റിൽ സച്ചിൻ നേടിയ 116, 52 റൺസ് ഇന്നിംഗ്സുകളാണ് ഈ ചോദ്യത്തിന് മറുപടിയായി നൽകിയത്‌. ഇതിനൊപ്പം സച്ചിനാണ് എക്കാലത്തെയും മികച്ച ബാറ്റ്സ്മാനെന്നും ലീ കൂട്ടിച്ചേർത്തു.

“സച്ചിനെതിരെ അധികം ബോക്സിംഗ് ഡേ ടെസ്റ്റുകളിൽ ഞാൻ കളിച്ചിട്ടില്ല. എന്നാൽ സച്ചിൻ ഓരോ തവണ സെഞ്ചുറി നേടുമ്പോളും അത് മറ്റൊരു തലത്തിലായിരുന്നു. കരിയറിനിടെ മഹത്തായ ഒത്തിരി താരങ്ങൾക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ട്. എന്നാൽ എല്ലായ്പ്പോളും ഞാൻ പറയുന്നതാണ്, എന്റെ അഭിപ്രായത്തിൽ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കറാണ്.” ബ്രറ്റ് ലീ പറഞ്ഞു.