SHARE

ഓസ്ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷ് ലീഗിൽ കളിക്കുമോ ഇല്ലയോ എന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ അവസാനം ബിഗ് ബാഷ് ലീഗിലെ ചാമ്പ്യൻ ടീമായ ബ്രിസ്ബെയിൻ ഹീറ്റ്സുമായി കരാറിൽ ഒപ്പു വെച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സ്. വരും സീസൺ ബിഗ് ബാഷ് ലീഗിന്റെ രണ്ടാംപകുതിയിലെ മത്സരങ്ങളിലാകും ഡിവില്ലിയേഴ്സ് ബ്രിസ് ബെയിൻ ഹീറ്റ്സിൽ കളിക്കുക. ക്രിക്കറ്റ് ലോകത്തിന് ഏറെ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.

അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച തങ്ങളുടെ സൂപ്പർ താരം ബ്രെണ്ടൻ‌ മക്കല്ലത്തിന് പകരക്കാരനായാണ് ബ്രിസ്ബെയിൻ ഹീറ്റ്സ്, ഡിവില്ലിയേഴ്സിനെ ടീമിലെത്തിച്ചിരിക്കുന്നത്. ബിഗ് ബാഷ് ലീഗിൽ കളിക്കാനെത്തുന്ന ഏറ്റവും താരത്തിളക്കമുള്ള കളികാരിൽ ഒരാൾ കൂടിയാണ് ഡിവില്ലിയേഴ്സ്. നേരത്തെ ക്രിസ് ഗെയിലിനേയും, ബ്രെണ്ടൻ മക്കല്ലത്തേയും പോലെ ക്രിക്കറ്റ് ലോകത്തെ നിരവധി സൂപ്പർ താരങ്ങൾ ബിഗ് ബാഷ്‌ലീഗിൽ കളിച്ചിട്ടുണ്ടെങ്കിലും, ഡിവില്ലിയേഴ്സ് എത്തുന്നതോടെ ടൂർണമെന്റിന്റെ ജനപ്രീതി വേറൊരു തലത്തിലെത്തും.

കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച എബി ഡിവില്ലിയേഴ്സ്, തുടർന്ന് വിവിധ ടി20 ലീഗുകളിൽ കളിച്ച് വരികയാണ്. പോയ സീസൺ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി 44.2 ബാറ്റിംഗ് ശരാശരിയിൽ 442 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ച താരം, പിന്നീട് ഇംഗ്ലണ്ടിൽ നടന്ന ടി20 ബ്ലാസ്റ്റിൽ മിഡിൽസെക്സിന് വേണ്ടിയും ജേഴ്സിയണിഞ്ഞു. 69.6 ബാറ്റിംഗ് ശരാശരിയിൽ‌ 348 റൺസ് അടിച്ച് കൂട്ടി അവിടെ ടീമിന്റെ രണ്ടാമത്തെ ടോപ്‌സ്കോറർ കൂടിയായിരുന്നു ഡിവില്ലിയേഴ്സ്.