SHARE

ക്രിക്കറ്റ് ലോകത്തെ ഏറ്റവും വൈരം നിറഞ്ഞ പോരാട്ടങ്ങളിലൊന്നാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ആഷസ് ടെസ്റ്റ്. ഇരു ടീമിലേയും താരങ്ങൾ തമ്മിൽ കൈയ്യാങ്കളിയിൽ വരെ ഏർപ്പെട്ടിട്ടുള്ള ചരിത്രമാണ് ആഷസിനുള്ളത്. എന്നാൽ അഡ്ലെയ്ഡിൽ നടക്കുന്ന ആഷസ് ടെസ്റ്റിന്റെ നാലാം ദിവസത്തെ പ്രധാന വാർത്ത താരങ്ങൾ തമ്മിലുള്ള വഴക്കുകളോ കൈയ്യാങ്കളികളോ അല്ല മറിച്ച് ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത് തന്റെ സ്പോർട്സ് മാൻ സ്പിരിറ്റിലൂടെ ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റുവാർട്ട് ബ്രോഡാണ്.

അഡലെയ്ഡ് ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു സംഭവം. ബോളിംഗ് എൻഡിൽ നിന്ന് പാഞ്ഞു വന്ന സ്റ്റുവാർട്ട് ബ്രോഡിന്റെ എണ്ണം പറഞ്ഞൊരു ബൗൺസറിൽ നിന്ന് ഒഴിഞ്ഞു മാറാൻ നൈറ്റ് വാച്ച്മാനായി തലേദിവസം വൈകിട്ട് ബാറ്റിംഗ് തുടങ്ങിയ നഥാൻ ലിയോണിനായില്ല. പന്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞെങ്കിലും ലയോണിന്റെ ഹെൽമറ്റിന്റെ വലതു വശത്ത് ബ്രോഡിന്റെ പന്ത് പതിക്കുകയായിരുന്നു. ആഷസ് ടെസ്റ്റുകളിൽ സാധാരണ ഇങ്ങനെ വരുന്ന സാഹചര്യങ്ങളിൽ ബോളർ ബാറ്റ്സ്മാനെ സ്ലെഡ്ജ് ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ ഇവിടെ ബ്രോഡ് അതിനൊന്നും മുതിർന്നില്ല. ലയോണിന്റെ അടുത്തെത്തി അദ്ദേഹത്തിന് കുഴപ്പമില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അടുത്ത പന്തെറിയാൻ അദ്ദേഹം തിരിഞ്ഞു നടക്കുകയായിരുന്നു

ബ്രോഡിന്റെ ഈ പ്രവൃത്തിയെ നിറഞ്ഞ കൈയ്യടികളോടെയാണ് ഓസ്ട്രേലിയൻ കാണികൾ വരവേറ്റത്. ക്രിക്കറ്റിനെ മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്നത് എന്ത് കൊണ്ടാണെന്ന് ഒന്നു കൂടെ വിളിച്ച് പറയുന്നതായിരുന്നു ബ്രോഡിന്റെ ഇന്നത്തെ പ്രവൃത്തി.