SHARE

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ക്രിക്കറ്റ് പ്രേമികൾക്ക് ഇരുട്ടടി നൽകി പുതിയ വാർത്ത. ബിസിസിഐ യോ, ഐപിഎല്ലിന്റെ സം പ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ ഗ്രൂപ്പോ കേന്ദ്രസർക്കാരിൽ നിന്ന് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാനുള്ള അനുമതി വാങ്ങിയിട്ടില്ല. ഇത് പോലുള്ള ടൂർണമെന്റുകൾ സം പ്രേക്ഷണം ചെയ്യണമെങ്കിൽ കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. സർക്കാർ അനുമതി ലഭിച്ചില്ലെങ്കിൽ ഇത്തവണത്തെ ഐപിഎൽ സം പ്രേക്ഷണം തടസപ്പെടും. അത് കൊണ്ടു തന്നെ ക്രിക്കറ്റ് പ്രേമികൾക്ക് വൻ ആശങ്കയാണ് ഈ വാർത്ത നൽകുന്നത്

അതേ സമയം മത്സരം സം പ്രേക്ഷണം ചെയ്യാനുള്ള അനുമതി എത്രയും വേഗം നൽകണമെന്ന് അഭ്യർത്ഥിച്ച് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ഐപിഎൽ മത്സരങ്ങൾ അടുത്തെത്തിയെന്നും ഇനിയും ഇതിന് അനുമതി ലഭിക്കാതിരുന്നാൽ കോടിക്കണക്കിന് വരുന്ന ക്രിക്കറ്റ് പ്രേമികൾക്ക് മത്സരം കാണാനുള്ള അവസരം നഷ്ടപ്പെടുമെന്നും, സാമ്പത്തികമായും ഇത് വലിയ കോട്ടത്തിന് കാരണമാകുമെന്നും ബിസിസിഐ തങ്ങളുടെ കത്തിൽ സൂചിപ്പിക്കുന്നു.

മത്സരങ്ങൾ തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ കേന്ദ്ര സർക്കാരിൽ നിന്ന് ഇക്കാര്യത്തിൽ അനുമതി ലഭിക്കാത്തത് വൻ സമ്മർദ്ദമാണ് ബിസിസിഐയ്ക്ക് നൽകുന്നത്. ഉദ്ഘാടന മത്സരത്തിന് മുൻപ് ഇക്കാര്യത്തിൽ അനുകൂല തീരുമാനം സർക്കാരിൽ നിന്ന് ലഭിച്ചില്ലെങ്കിൽ കനത്ത നഷ്ടമാകും ബിസിസിഐയ്ക്ക് സംഭവിക്കുക. കഴിഞ്ഞ വർഷം 16325 കോടി രൂപയ്ക്കാണ് സ്റ്റാർ ഗ്രൂപ്പ്, ഐപിഎല്ലിന്റെ സം പ്രേക്ഷണാവകാശം സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംപ്രേക്ഷണ കരാർ തുകയാണിത്.