SHARE

കോവിഡിനെത്തുടർന്ന് മത്സരങ്ങൾ നിർത്തിവച്ചിരിക്കുന്നതിനെടെയാണ് ജർമൻ ക്ലബ് ഹെർത്താ ബെർലിൻ പുതിയ പരിശീലകനായി ബ്രൂണോ ലബ്ബാഡിയയെ നിയമിച്ചത്. വിഖ്യാതപരിശീലകനായ യുർ​ഗൻ ക്ലിൻസ്മാൻ പോയ ഒഴിവിലേക്കാണ് ലബ്ബാഡിയ എത്തിയത്. ലീ​ഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ക്ലബിലേക്ക് വലിയ നേട്ടമൊന്നും അവകാശപ്പെടാനില്ലാത്ത പരിശീലകനെത്തിയപ്പോൾ നെറ്റിചുളിച്ചവരാണ് ഏറെ. എന്നാൽ ആഴ്ചകൾക്കുള്ളിൽ ലബ്ബാഡിയ വിമർശകരുടെ വായടപ്പിക്കുകയാണ്.

ഏപ്രിലിൽ ലബ്ബാഡിയ പരിശീലകനായെത്തുമ്പോൾ ഹെർത്ത 28 പോയിന്റുമായി 14-ാം സ്ഥാനത്തായിരുന്നു. ആകെ പതിനെട്ട് ടീമുകൾ കളിക്കുന്ന ബുന്ദസ്‌ലി​ഗയിൽ ഇത് തരംതാഴ്ത്തൽ ഭീഷണിയായിരുന്നു. എന്നാൽ കോവിഡിന് ശേഷം ലീ​ഗ് പുനരാരംഭിച്ച് നാല് മത്സരങ്ങൾ കഴിയുമ്പോൾ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് മുന്നേറി ഹെർത്ത.

-Advertisement-

ടീമിനെ അണിനിരത്തിയ നാല് മത്സരങ്ങളിൽ ഒന്നിൽ പോലും ലബ്ബാഡിയ തോൽവി നേരിട്ടിട്ടില്ല. മൂന്നെണ്ണം വിജയിച്ചപ്പോൾ ഒരെണ്ണം സമനിലയിൽ കലാശിച്ചു. ലബ്ബാഡിയയുടെ ആദ്യ മത്സരത്തിൽ ഹോഫൻഫെയിമിനെ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് ഹെർത്ത തകർത്തത്. തൊട്ടടുത്ത മത്സരത്തിൽ അയൽക്കാരായ യൂണിയൻ ബെർലിനെ എതിരില്ലാത്ത നാല് ​ഗോളിനും.

അതിനടുത്ത മത്സരം കരുത്തരായ റെഡ്ബുൾ ലെയ്പ്​സി​ഗുമായായിരുന്നു. ലെയ്പ്സി​ഗിൻെ മൈതാനത്ത് പോയി മത്സരം സമനിലയാക്കാൻ ലബ്ബാഡിയയുടെ സംഘത്തിനായി. ഇരുടീമും രണ്ട് ​ഗോൾവീതം നേടി. ഇന്നലെ നടന്ന മത്സരത്തിൽ ഓ​ഗ്സ്ബർ​ഗിനെ എതിരില്ലാത്ത രണ്ട് ​ഗോളിന് ഹെർത്ത തകർത്തു.

നാല് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് ​ഗോളാണ് ഹെർത്ത നേടിയത്. വഴങ്ങിയതാകട്ടെ വെറും രണ്ട് ​ഗോളുകൾ. മൂന്ന് മത്സരങ്ങളിലും ക്ലീൻഷീറ്റ് കൈവരിച്ചപ്പോൾ പരമാവധി ലഭിക്കാവുന്ന പന്ത്രണ്ടിൽ പത്ത് പോയിന്റും ടീം നേടി. ഇതോടെ ഇപ്പോൾ 38 പോയിന്റാണ് ടീമിനുള്ളത്. ഒന്നാഞ്ഞ് പിടിച്ചാൽ യൂറോപ്പാ ലീ​ഗിന് യോ​ഗ്യത നേടാനാകും എന്നതാണ് സാഹചര്യം.

ഹെർത്തയുടെ അടുത്ത മത്സരം ലീ​ഗിലെ രണ്ടാം സ്ഥാനക്കാരായ ഡോർട്ട്മുണ്ടിനെതിരെ അവരുടെ ​ഗ്രൗണ്ടിലാണ്. ഈ മത്സരത്തിലെ പ്രകടനം വിലയിരുത്തും ലബ്ബാഡിയയുടെ മികവ്. പോയിന്റ് നിലയിൽ മുന്നിലുണ്ടായിരുന്ന ഹോഫൻഫെയിമിനെ വീഴ്ത്തിയ ലെയ്പ്സി​ഗിനെ പിടിച്ചുകെട്ടിയ ഹെർത്തയിൽ നിന്ന് മറ്റൊരു അട്ടിമറിയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.