SHARE

ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതോടെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയോണി ബഫണ്‍ വീണ്ടും തിരിച്ചെത്തിയേക്കുമെന്ന് സൂചന. ബഫണ്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ ടീമില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുക മാത്രമാണ് ചെയ്തതെന്ന് 39കാരനായ ഇതിഹാസ താരം പറയുന്നു.

ഇറ്റലിക്കും യുവന്റസിനും വേണ്ടി കളിക്കുമ്പോള്‍ എന്നെ കണക്കാക്കുന്നത് ഒരു പടയാളിയായിട്ടാണ്. 60 വയസായാലും ദേശീയ ടീമിനായി കളിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ നിരസിക്കുകയില്ല- ബഫണ്‍ പറയുന്നു. സ്വീഡനോട് പ്ലേഓഫില്‍ പരാജയപ്പെട്ടാണ് ഇറ്റലി 1958നുശേഷം ആദ്യമായി ലോകകപ്പിലെത്താതെ പുറത്തായത്. രണ്ടാംപാദത്തിനു തൊട്ടുപിന്നാലെ കണ്ണീരോടെ താരം വിടവാങ്ങാല്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ബഫണിനെ തേടി മറ്റൊരു പുരസ്‌കാരവും എത്തി. 2016-17 സീസണിലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള പുരസ്‌കാരമാണ് താരത്തിനെ തേടിയെത്തിയത്. സീണണില്‍ ക്ലബ്ബിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബഫണിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. പുരസ്‌കാര നേട്ടത്തില്‍ അഭിമാനമുണ്ടെന്നും മികച്ച യുവതാരങ്ങളെ മറികടന്ന് ഈ നേട്ടം സ്വന്തമാക്കിയതിനാല്‍ ഇതിന് മൂല്യമേറെയാണെന്നും അദേഹം പറഞ്ഞു. യുവന്റസിന് ചാംപ്യന്‍സ് ലീഗ് നേടിക്കൊടുത്ത് വിരമിക്കണമെന്നാണ് ആഗ്രഹമെന്നും ബഫണ്‍ കൂട്ടിച്ചേര്‍ത്തു.