SHARE

ഇറ്റാലിയൻ സൂപ്പർ ക്ലബ് യുവന്റസിനൊപ്പം ​ഗോളി ജിയാൻല്യൂജി ബഫൺ കാരാർ പുതുക്കിയേക്കുമെന്ന് സൂചന. 42 കാരനായ ബഫണിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനാണ് ക്ലബ് പദ്ധതിയെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിൽ നിന്ന് ഈ സീസൺ തുടക്കത്തിലാണ് ബഫൺ യുവന്റസിൽ തിരിച്ചെത്തിയത്. ഇപ്പോൾ ടീമിൽ ഫസ്റ്റ് ചോയ്സ് ​ഗോളിയല്ല ബഫൺ. അതിനാൽ തന്നെ ഈ സീസൺ പൂർത്തിയാക്കിയശേഷം താരം കളിക്കളത്തിൽ നിന്ന് വിരമിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. താരത്തിനായി ക്ലബിൽ ഡയറക്ടർ പദവിയടക്കം വാ​ഗ്ദാനം ചെയ്തിരുന്നതായി സൂചനയുണ്ടായിരുന്നു. എന്നാലിപ്പോൾ വിഖ്യാത കീപ്പർ ഉടൻ വിരമിക്കാൻ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ.

കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഈ സീസണൊടുവിൽ വിരമിക്കുമോയെന്ന് കാര്യത്തിൽ ഉറപ്പില്ലെന്ന് ബഫൺ തന്നെ മാധ്യമങ്ങളോ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ കരാർ പുതുക്കലിന്റെ വാർത്തകൾ വരുന്നത്. ഇക്കുറി ആകെ ഏഴ് സെരി എ മത്സരങ്ങളിൽ മാത്രമാണ് ബഫൺ കളിച്ചത്. എന്നാൽ ഈ പ്രായത്തിലും പിഴവുകളൊന്നുമില്ലാതെ ഉജ്ജ്വലമായി ​ഗോൾവല കാത്തു ബഫൺ.

2001-ലാണ് ബഫൺ പാർമയിൽ നിന്ന് യുവന്റസിലെത്തുന്നത്. പിന്നീടിതുവരെ ക്ലബിനായി 600-ലേറെ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് ബഫൺ യുവന്റസ് വിട്ട് പി.എസ്.ജിയിലേക്ക് പോയത്. എന്നാൽ തൊട്ടടുത്ത സീസണിൽ താരം തിരിച്ചെത്തി.