SHARE

ഫുട്ബോളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ചില പ്രതിഭാസങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഇറ്റാലിയൻ ​ഗോൾകീപ്പർ ജിയാൻലൂയി ബഫൺ. ലോകം കണ്ട ഏറ്റവും മികച്ച ​ഗോൾ കീപ്പർമാരിൽ മുന്നിൽ തന്നെയാണ് ഈ നാൽപതുകാരന്റെ സ്ഥാനം. ലോകകപ്പ്, പത്ത് സെരി എ കിരീടങ്ങൾ എന്നിവയെല്ലാം ബഫണിന്റെ 23 വർഷം നീളുന്ന കരിയറിൽ തേടിയെത്തിയതാണ്. അർഹതയുണ്ടായിട്ടും ബഫൺ എന്ന ഇതിഹാസത്തിന് സ്വന്തമാക്കാൻ കഴിയാത്ത രണ്ട് നേട്ടങ്ങളേയുള്ളു, ബാലൺ ദി ഓറും, യുവേഫ ചാമ്പ്യൻസ് ലീ​ഗും.

ക്രിസ്റ്റ്യാനോ റൊണാൾഡോ-ലയണൽ മെസി താരതമ്യം എല്ലാ പുരസ്കാരനിർണയ സമിതികളേയും ബാധിച്ചപ്പോൾ ഒഴിവാക്കപ്പെട്ട പല താരങ്ങളിൽ ഒരാളാണ് ബഫൺ. ഇനി ഒരു ബാലൺ ദി ഓർ നേടാനുള്ള സാധ്യത ബഫണുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ അതിലേറെ ബഫൺ ആ​ഗ്രഹിക്കുന്നത് ചാമ്പ്യൻസ് ലീ​ഗ് കിരീടത്തിൽ മുത്തമിടാനാണ്.

മൂന്ന് വർഷത്തിനിടെ രണ്ട് തവണ പടിക്കലെത്തി കലമുടയ്ക്കേണ്ടി വന്നു ബഫണിനും കൂട്ടർക്കും. വിജയിക്കുമെന്ന് എല്ലാവരും പ്രവചിച്ച ടോട്ടനത്തെ തകർത്ത് യുവന്റസ് ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തെത്തിയപ്പോൾ, അവിടെ കാത്തിരിക്കുന്നത് സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡാണ്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീ​ഗ് ഫൈനലായിരുന്നു ഇവർ ഏറ്റുമുട്ടിയത്. അന്ന് ബഫണിന്റെ കിരീടസ്വപ്നങ്ങൾ തകർത്ത് റയൽ കിരീടം ചൂടി.

ലോകകപ്പിന് ഇറ്റലിക്ക് യോ​ഗ്യത നേടാനാകാതെ വന്നതോടെ ബഫൺ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് പിൻവലിച്ചു.  ഈ സീസൺ അവസാനിക്കുന്നതോടെ ബഫൺ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നുള്ള വാർത്തകൾ സജീവമായി പ്രചരിക്കുന്നുണ്ട്. ലോകകിരീടം ചൂടിയ ബഫണിന് ക്ലബ് തലത്തിലെ ഏറ്റവും വലിയ കിരീടത്തിൽ ഒരിക്കൽ പോലും ചുംബിക്കാനുള്ള ഭാ​ഗ്യമുണ്ടായില്ല. ഇക്കുറി ചാമ്പ്യൻസ് ലീ​ഗ് സ്വന്തമാക്കുമെന്നുറച്ചാണ് യുവന്റസ് ഇറങ്ങിയിരിക്കുന്നത്.