SHARE

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഒരു ഇന്ത്യന്‍ റിക്കാര്‍ഡിന് അരികെ. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ രണ്ടു വിക്കറ്റ് കൂടി നേടിയാല്‍ ഇന്ത്യയ്ക്കായി കുട്ടിക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമാകാം. നിലവില്‍ ബുംറയ്ക്ക് 51 വിക്കറ്റുകളാണുള്ളത്. 52 വിക്കറ്റുകളാണ് അശ്വിന്‍ നേടിയിട്ടുള്ളത്.

അശ്വിന്‍ ഇനി ട്വന്റി-20യില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ സാധ്യതകള്‍ കുറവായതിനാല്‍ കുറച്ചേറെ കാലം ഈ റിക്കാര്‍ഡ് കൈവശം വയ്ക്കാന്‍ ബുംറയ്ക്ക് സാധിക്കും. എന്നാല്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍ തൊട്ടുപിന്നിലുണ്ട്. 30 മത്സരങ്ങളില്‍ നിന്ന് ഇതുവരെ 46 വിക്കറ്റുകള്‍ നേടിയ ചഹാലിന്റെ സാന്നിധ്യമാകും റിക്കാര്‍ഡ് കാത്തു സൂക്ഷിക്കുന്നതില്‍ ബുംറയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുക.

ബുധനാഴ്ച ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാമത്തേതും അവസാനത്തേതുമായ ട്വന്റി20 മത്സരത്തിന് ഇന്ത്യ ഇറങ്ങുക. ആദ്യ മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ബുംറ ഇന്ത്യയെ ജയത്തിനരികെ എത്തിച്ചതാണ്. എന്നാല്‍ ഉമേഷ് യാദവിന്റെ അവസാന ഓവര്‍ പ്രതീക്ഷകള്‍ അസ്തമിപ്പിച്ചു