SHARE

ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ഗുവാഹത്തിയിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ സൂപ്പർ താരങ്ങളായ യുസ്വേന്ദ്ര ചഹൽ, ജസ്പ്രിത് ബുംറ എന്നിവരെ കാത്തിരിക്കുന്നത് ടി20 യിലെ ഇന്ത്യൻ റെക്കോർഡുകളിലൊന്ന് തകർക്കാനുള്ള അവസരം. അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബോളറെന്ന നേട്ടത്തിൽ രവിചന്ദ്രൻ അശ്വിനെ മറികടക്കാനുള്ള സുവർണാവസരമാണ് നാളെ രണ്ട് പേരെയും കാത്തിരിക്കുന്നത്‌

52 വിക്കറ്റുകൾ വീഴ്ത്തിയ സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് ഏറെക്കാലമായി അന്താരാഷ്ട്ര ടി20 യിലെ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമത്. കഴിഞ്ഞയിടയ്ക്ക് യുസ്വേന്ദ്ര ചഹലും ഇക്കാര്യത്തിൽ അശ്വിനൊപ്പമെത്തി. 52 വിക്കറ്റുകളാണ് അന്താരാഷ്ട്ര ടി20 യിൽ ഇരുവരുടേയും സമ്പാദ്യം. ജസ്പ്രിത് ബുംറയാകട്ടെ 51 വിക്കറ്റുകളാണ് ടി20 യിൽ ഇന്ത്യയ്ക്കായി വീഴ്ത്തിയിട്ടുള്ളത്. ലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞാൽ ചഹലിനും, രണ്ട് വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞാൽ ബുംറയ്ക്കും അശ്വിനെ മറികടക്കാൻ കഴിയും.

അതേ സമയം മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും-ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയിലുള്ളത്. ജനുവരി അഞ്ചാം തീയതി ഗുവാഹത്തിയിൽ ഒന്നാം മത്സരവും, ഏഴാം തീയതി ഇൻഡോറിൽ രണ്ടാം മത്സരവും, പത്താം തീയതി പൂനെയിൽ മൂന്നാം മത്സരവും നടക്കും.