SHARE

ഓസ്ട്രേലിയയിൽ കനത്ത നാശം വിതച്ച കാട്ടുതീയിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന ബുഷ്ഫയർ ചാരിറ്റി ക്രിക്കറ്റ് മത്സരത്തിൽ മാറ്റം. നേരത്തെ ഈ മാസം എട്ടിന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം സിഡ്നിയിൽ നിന്ന് മെൽബണിലേക്ക് മാറ്റി. എട്ടാം തീയതി നടക്കേണ്ടിയിരുന്ന മത്സരം ഒൻപതാം തീയതിയാകു. മെൽബണിൽ നടക്കുക. നേരത്തെ ഈ ചാരിറ്റി മത്സരം രണ്ടാഴ്ചത്തേക്ക് നീട്ടിയേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അത്ര ദിവസങ്ങൾ മത്സരം നീട്ടി വെക്കേണ്ടെന്ന് സംഘാടകർ പി‌ന്നീട് തീരുമാനിക്കുകയായിരുന്നു.

റിക്കി പോണ്ടിംഗും, ഷെയിൻ വോണുമാണ് ഈ മത്സരത്തിൽ ടീമുകളെ നയിക്കുക. ഇന്ത്യൻ സൂപ്പർ താരംയുവരാജ് സിംഗ് ഉൾപ്പെടെയുള്ളവർ കളിക്കുന്ന ഈ ചാരിറ്റി മത്സരത്തിൽ 10 ഓവർ വീതമാണ് ഉണ്ടാവുക. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് റിക്കി പോണ്ടിംഗ് ഇലവന്റെ പരിശീലകൻ. ഷെയിൻ വോൺ ഇലവന്റെ പരിശീലകനാവട്ടെ വിൻഡീസ് ഇതിഹാസം കോർട്നി വാൽഷും.

ഷെയിൻ വോൺ, റിക്കി പോണ്ടിംഗ്, യുവരാജ് സിംഗ്, വസീം അക്രം എന്നിവർക്ക് പുറമേ ആഡം ഗിൽക്രിസ്റ്റ്, ബ്രാഡ് ഹാഡിൻ, ബ്രറ്റ് ലീ, മാത്യു ഹെയ്ഡൻ, മൈക്കൽ ക്ലാർക്ക്, മൈക്ക് ഹസി, ഷെയിൻ വാട്സൺ എന്നീ സൂപ്പർ താരങ്ങളും ബുഷ്ഫയർ ചാരിറ്റി മത്സരത്തിൽ കളിക്കും. ബുഷ്ഫയർ ചാരിറ്റി മത്സരത്തിലൂടെ വിരമിച്ച സൂപ്പർ താരങ്ങളെ ഒരിക്കൽക്കൂടി കളിക്കളത്തിൽ കാണാമെന്നത് ക്രിക്കറ്റ് പ്രേമികൾക്ക് വലിയ ആവേശംനൽകുന്നുണ്ട്.