SHARE

ജോസ് ബട്‌ലര്‍ ഒരിക്കല്‍ കൂടി ബാറ്റുകൊണ്ട് വിസ്മയം തീര്‍ത്തപ്പോള്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ 7 വിക്കറ്റിനാണ് രാജസ്ഥാന്‍ തകര്‍ത്തെറിഞ്ഞത്. 169 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ അജിങ്ക്യ രഹാനെയുടെ ടീം 12 പന്ത് ബാക്കിനില്‍ക്കേ ലക്ഷ്യം കണ്ടു. തോല്‍വിയോടെ മുംബൈയുടെ പ്ലേഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു. സ്‌കോര്‍- മുംബൈ 168-6, രാജസ്ഥാന്‍ 171-3. 53 പന്തില്‍ 94 റണ്‍സെടുത്ത ബട്‌ലറാണ് കളിയിലെ താരം.

മാത്യു ഷോര്‍ട്ട് (4) ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടെങ്കിലും ബട്‌ലര്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. മുംബൈ ബൗളര്‍മാരെ പിച്ചിച്ചീന്തി ഇംഗ്ലീഷ് താരം മുന്നേറിയപ്പോള്‍ ചെറുതെങ്കിലും മികച്ച പിന്തുണയുമായി രഹാനെയും ഒപ്പം ചേര്‍ന്നു. 35 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബട്‌ലര്‍ ഒരു ബൗളറെയും വെറുതെ വിട്ടില്ല. രാജസ്ഥാന്‍ സ്‌കോര്‍ 104ല്‍ നില്‍ക്കേ 36 പന്തില്‍ 37 റണ്‍സെടുത്ത രഹാനെ പുറത്തായി. നാലാം നമ്പറിലെത്തിയ സഞ്ജു സാംസണ്‍ സിംഗിളുകളെടുത്ത് ബട്‌ലര്‍ക്ക് മികച്ച പിന്തുണ നല്കി.

പന്ത്രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മുംബൈയ്ക്ക് 10 പോയിന്റ് മാത്രമാണുള്ളത്. ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാലും അവസാന നാലിലെത്താന്‍ മറ്റു ടീമുകളുടെ വിജയപരാജയങ്ങളെ കൂടി ആശ്രയിക്കേണ്ടിവരും. 12 പോയിന്റുള്ള രാജസ്ഥാന് ഇനിയുള്ള രണ്ടു മത്സരങ്ങളും നിര്‍ണായകമാണ്. നിലവില്‍ ഹൈദരാബാദും ചെന്നൈയുമാണ് പ്ലേഓഫ് ഉറപ്പിച്ച ടീമുകള്‍.

ബാറ്റിംഗ് പറുദീസയായ വാങ്കഡെ സ്റ്റേഡിയത്തില്‍ പതിവുപോലെ മികച്ച തുടക്കമാണ് മുംബൈയ്ക്ക് ലഭിച്ചത്. സൂര്യകുമാര്‍ യാദവും എവിന്‍ ലൂയിസും ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 87 റണ്‍സ്. അതും വെറും 64 പന്തില്‍ നിന്ന്. സൂര്യകുമാറാണ് ആദ്യം പുറത്താകുന്നത്. 31 പന്തില്‍ 38 റണ്‍സെടുത്ത യാദവിനെ ജോഫ്ര ആര്‍ച്ചര്‍ ജയദേവ് ഉനദ്ഖഡിന്റെ കൈയിലെത്തിച്ചു. രോഹിത് ശര്‍മ വന്നതുപോലെ തന്നെ മടങ്ങി. ഒരു പന്ത് മാത്രമാണ് മുംബൈ ക്യാപ്റ്റന്‍ നേരിട്ടത്. ആര്‍ച്ചര്‍ക്ക് തന്നെയായിരുന്നു ഈ വിക്കറ്റും.

മികച്ച ഫോമിലായിരുന്ന ലൂയിസ് ഇതിനിടെ 37 പന്തില്‍ അര്‍ധശതകം തികച്ചു. പതിനാലാം ഓവറില്‍ ധവല്‍ കുല്‍ക്കര്‍ണിക്ക് വിക്കറ്റ് സമ്മാനിച്ച് ലൂയിസും (60) മടങ്ങി. പതിവുപോലെ വീണ്ടും മധ്യനിര റണ്‍ കണ്ടെത്താന്‍ പാടുപെടുന്നതാണ് പിന്നീട് കണ്ടത്. 11 പന്തില്‍ 12 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ പുറത്തായതോടെ നാലിന് 119 റണ്‍സെന്ന നിലയിലായി മുംബൈ. 15 മുതല്‍ 18 വരെയുള്ള നാലോവറില്‍ വെറും 17 റണ്‍സാണ് മുംബൈയ്ക്ക് നേടാനായത്. അവസാന രണ്ടോവറില്‍ ഹര്‍ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ടാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.