SHARE

കോറോണ വൈറസ് (കോവിഡ് 19) രോഗത്തിന്റെ വ്യാപനത്തെത്തുടർന്ന് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കാനുള്ള സാധ്യതകൾ മങ്ങിയിരിക്കുകയാണ്.‌ മാർച്ച് 29 ന് ആരംഭിക്കേണ്ടിയിരുന്ന ഇത്തവണത്തെ ഐപിഎൽ സീസൺ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മുൻപ് ഏപ്രിൽ 15 ലേക്ക് മാറ്റിയിരുന്നു. എന്നാൽ നിലവിൽ കേന്ദ്ര സർക്കാർ രോഗ വ്യാപനം തടയുന്നതിന് രാജ്യമെങ്ങും ഷട്ട് ഡൗൺ പ്രഖ്യാപിച്ചതിനാൽ ഏപ്രിൽ 15 ലും മത്സരങ്ങൾ തുടങ്ങില്ല. നിലവിലെ സഹചര്യത്തിൽ ടൂർണമെന്റ് ഉപേക്ഷിക്കാനാണ് സാധ്യതകളെങ്കിലും, ഐപിഎല്ലിന്റെ ചെറു പതിപ്പ് നടന്നേക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് സൂപ്പർ താരം ജോസ് ബട്ലർ.

കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കവെയായിരുന്നു ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചെറുപതിപ്പെങ്കിലും ഇത്തവണ നടന്നേക്കുമെന്ന് ബട്ലർ പ്രതീക്ഷ പ്രകടിപ്പിച്ചത്. ബട്ലറിന്റെ വാക്കുകൾ ഇങ്ങനെ, ” നിലവിൽ ഐപിഎല്ലിനെക്കുറിച്ച് വാർത്തകളൊന്നുമില്ല, ഐപിഎൽ ലോക ക്രിക്കറ്റിലെ മാസ്മരിക ടൂർണമെന്റാണ്. ഇത്തവണ ഐപിഎല്ലിന്റെ വെട്ടിച്ചുരുക്കിയ ഒരു പതിപ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.”

അതേ സമയം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നിർണായക താരങ്ങളിൽ ഒരാളാണ് ജോസ് ബട്ലർ. മുൻപ് മുംബൈ ഇന്ത്യൻസിന് വേണ്ടിയും കളിച്ചിട്ടുള്ള ബട്ലർ 45 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 9 അർധ സെഞ്ചുറികളടക്കം 1386 റൺസ് നേടിയിട്ടുണ്ട്.