SHARE

ഇന്ന് ഓസ്‌ട്രേലിയക്കെതിരെ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയടക്കം ഇംഗ്ലീഷ് താരം ജോസ് ബട്ട്‌ലര്‍ തന്റെ ഏകദിന കരിയറില്‍ നേടിയിരിക്കുന്നത് അഞ്ചു സെഞ്ചുറികളാണ്. എപ്പോഴും കുറഞ്ഞ പന്തില്‍ സെഞ്ചുറി നേടാറുള്ള ബട്ട്‌ലറുടെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ചുറിയാണ് ഓസ്‌ട്രേലിയക്കെതിരെ പിറന്നത്, അതും 83 പന്തില്‍.

2014ല്‍ ശ്രീലങ്കക്കെതിരെയാണ് ബട്ട്‌ലര്‍ തന്റെ കരിയറിലെ ആദ്യ സെഞ്ചുറി നേടുന്നത്. അത് വെറും 61 പന്തുകളില്‍ നിന്നായിരുന്നു. ടീം പരാജയപ്പെട്ടെങ്കിലും തകര്‍പ്പന്‍ സെഞ്ചുറി നേടിയ ബട്ട്‌ലറായിരുന്നു അന്ന് കളിയിലെ താരം. പാകിസ്ഥാനെതിരെ 2015ലാണ് ബട്ട്‌ലര്‍ തന്റെ കരിയറിലെ ഏറ്റവും വേഗത കൂടിയ സെഞ്ചുറി നേടിയത്. 46 പന്തിലായിരുന്നു ബട്ട്‌ലര്‍ പാകിസ്ഥാനെതിരെ സെഞ്ചറി തികച്ചത്. മത്സരത്തില്‍ ഇംഗ്ലണ്ട് പാകിസ്ഥാനെ 84 റണ്‍സിന് തകര്‍ക്കുകയും ബട്ട്‌ലര്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തു. അതേ വര്‍ഷം തന്നെ ന്യുസിലാന്‍ഡിനെതിരെ ഈ വെടിക്കെട്ട് താരം സെഞ്ചുറി നേടിയത് 66 പന്തുകളില്‍ നിന്ന്.

2016ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ബട്ട്‌ലറുടെ സെഞ്ചുറി പ്രകടനം 73 പന്തുകളില്‍ നിന്നായിരുന്നു. 86 ഏകദിന ഇന്നിംഗ്‌സുകള്‍ ഇംഗ്ലണ്ടിനായി ബാറ്റ് ചെയ്ത ബട്ട്‌ലര്‍ 2651 റണ്‍സാണ് നേടിയത്. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റാകട്ടെ, 117.87 എന്ന ഏകദിനത്തിലെ മികച്ചതും. ന്യൂസിലാന്‍ഡിനെതിരെ അടിച്ചെടുത്ത 129 റണ്‍സാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍.