SHARE

കഴിഞ്ഞ കുറേ നാളുകളായി പി.എസ്.ജി നട്ടുനനച്ച് വളർത്തിയ സ്വപ്നങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ലോകഫുട്ബോളർ തകർത്തത്. റൊണാൾഡോയുടെ പതിവിതാണ്, ലാ ലീഗയിലും മറ്റ് മത്സരങ്ങളിലും വിമർശനശരങ്ങൾ നേരിടുമ്പോഴും തന്റെ തട്ടകമായ ചാമ്പ്യൻസ് ലീ​ഗിൽ അയാൾ അത്ഭുതങ്ങൾ പ്രവർത്തിക്കും. പി.എസ്.ജിക്കെതിരായ പ്രീക്വാർട്ടറിലെ ഇരുപാദ മത്സരങ്ങളിലായി റൊണാൾഡോ നേടിയത് മൂന്ന് ​ഗോളുകൾ.

രണ്ടാം പാദ മത്സരത്തിൽ വിമർശകരുടെ വായടപ്പിച്ച്, എതിരാളികളുടെ ഹൃദയം കീറി റൊണാൾഡോ നേടിയ കിടിലൻ ഹെഡർ ​ഗോൾ ചെന്ന് കയറിയത് പി.എസ്.ജി വലയിലേക്ക് മാത്രമല്ല ചാമ്പ്യൻസ് ലീ​ഗിന്റെ റിക്കാർഡ് പുസ്തകത്തിലേക്ക് കൂടിയാണ്. ചാമ്പ്യൻസ് ലീ​ഗിൽ തുടർച്ചയായി ഒമ്പത് മത്സരങ്ങളിൽ ​ഗോളടിക്കുന്ന താരമെന്ന നേട്ടത്തിനൊപ്പം റൊണാൾഡോയുടെ പേരും എഴുതിച്ചേർത്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും റയൽ മഡ്രിഡിന്റേയും ഡച്ച് താരമായിരുന്ന റൂഡ് വാൻ നിസ്റ്റൽറൂയിക്കൊപ്പമാണ് റൊണോ റിക്കാർഡ് പങ്കിട്ടെടുക്കുന്നത്.

കഴിഞ്ഞ ചാമ്പ്യൻസ് ലീ​ഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ അത്ലെറ്റിക്കോ മഡ്രിഡിനെതിരായ മത്സരത്തിലാണ് അവസാനമായി ചാമ്പ്യൻസ് ലീ​ഗിൽ റൊണാൾഡോ ​ഗോൾ നേടാതിരുന്നത്. യുവന്റസിനെതിരായ ഫൈനലിലും പിന്നീട് ഈ സീസണിൽ ഇതുവരെ നടന്ന എട്ട് മത്സരങ്ങളിലും റൊണാൾഡോ ​ഗോൾ നേടി. 2002-03 സീസണിൽ യുണൈറ്റഡിൽ കളിക്കുമ്പോഴാണ് നിസ്റ്റൽറൂയി ഈ റിക്കാർഡ് സ്ഥാപിച്ചത്. അതേസമയം ഈ ഒമ്പത് മത്സരങ്ങളിൽ നിന്ന് റൊണാൾഡോ 14 ​ഗോളുകൾ നേടി. നിസ്റ്റൽറൂയിയാകട്ടെ 12 ​ഗോളുകളാണ് നേടിയത്.

റയലിന്റെ പടയോട്ടത്തിൽ പി.എസ്.ജി ഇത്രകാലം കാത്തുസൂക്ഷിച്ച ഒരു റിക്കാർഡിനും അവസാനമായി. സ്വന്തം മൈതാനത്ത് രണ്ട് വർഷത്തോളമായി തോൽവി നേരിടാത്ത പി.എസ്.ജിയെയാണ് റയൽ തകർത്ത്. പാരീസിൽ നടന്ന കഴിഞ്ഞ 51 മത്സരങ്ങളിലാണ് പി.എസ്.ജി തോൽവിയറിയാതിരുന്നത്. 42 എണ്ണം വിജയിച്ചപ്പോൾ ഒമ്പതെണ്ണം സമനിലയിൽ പിരിഞ്ഞു.