SHARE

ഓസ്ട്രേലിയയിൽ നാശം വിതച്ച കാട്ടുതീയിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ നടത്തുന്ന ചാരിറ്റി ക്രിക്കറ്റ് മത്സരത്തിൽ (ബുഷ്ഫയർ റിലീഫ് മത്സരം) കളിക്കുന്ന താരങ്ങളുടെ പേരുകൾ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഈ മാസം 8 ന് നടക്കാനിരിക്കുന്ന ഈ ചാരിറ്റി മത്സരത്തിൽ സൂപ്പർ താരങ്ങളായ യുവരാജ് സിംഗ്, റിക്കി പോണ്ടിംഗ്, ബ്രയാൻ ലാറ, ഷെയിൻ വോൺ എന്നിവർ പങ്കെടുക്കും. പത്ത് ഓവർ മത്സരമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇതിനായി സംഘടിപ്പിച്ചിരിക്കുന്നത്.

റിക്കി പോണ്ടിംഗും, ഷെയിൻ വോണുമാണ് ഈ മത്സരത്തിൽ ടീമുകളെ നയിക്കുക. ബിഗ് ബാഷ് ലീഗിന്റെ ഫൈനൽ നടക്കുന്ന ഫെബ്രുവരി 8 ന് തന്നെയാണ് പോണ്ടിംഗ് ഇലവനും, വോൺ ഇലവനും തമ്മിലുള്ള ഈ മത്സരവും നടക്കുക. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് റിക്കി പോണ്ടിംഗ് ഇലവന്റെ പരിശീലകൻ. ഷെയിൻ വോൺ ഇലവന്റെ പരിശീലകനാവട്ടെ വിൻഡീസ് ഇതിഹാസം കോർട്നി വാൽഷും.

ഷെയിൻ വോൺ, റിക്കി പോണ്ടിംഗ്, യുവരാജ് സിംഗ്, വസീം അക്രം എന്നിവർക്ക് പുറമേ ആഡം ഗിൽക്രിസ്റ്റ്, ബ്രാഡ് ഹാഡിൻ, ബ്രറ്റ് ലീ, മാത്യു ഹെയ്ഡൻ, മൈക്കൽ ക്ലാർക്ക്, ജസ്റ്റിൻ ലാംഗർ, ആൻഡ്രൂ സൈമണ്ട്സ് എന്നീ സൂപ്പർ താരങ്ങളും ഈ 10 ഓവർ ചാരിറ്റി മത്സരത്തിൽ ജേഴ്സിയണിയും.

ചാരിറ്റി മത്സരത്തിൽ കളിക്കുന്ന താരങ്ങൾ ഇവരാണ് – ഷെയിൻ വോൺ (ക്യാപ്റ്റൻ), റിക്കി പോണ്ടിംഗ് (ക്യാപ്റ്റൻ), ആഡം ഗിൽക്രിസ്റ്റ്, അലക്സ് ബ്ലാക്ക് വെൽ, ആൻഡ്രൂ സൈമണ്ട്സ്, ബ്രാഡ് ഫിൽറ്റർ, ബ്രാഡ് ഹാഡിൻ, ബ്രെറ്റ് ലീ, ബ്രയാൻ ലാറ, ഡാൻ ക്രിസ്റ്റ്യൻ, നിക്ക് റിവോൾട്ട്, എലിസ് വില്ലാനി, ഗ്രേസ് ഹാരിസ്, ഹോളി ഫെർലിംഗ്, ജസ്റ്റിൻ ലാംഗർ, ലൂക്ക് ഹോഡ്ജ്, മാത്യു ഹെയ്ഡൻ, മൈക്കൽ ക്ലാർക്ക്, മൈക്ക് ഹസി, ഫോബ് ലിച്ച് ഫീൽഡ്, ഷെയിൻ വാട്സൺ, യുവരാജ് സിംഗ്.