SHARE

ബിസിസിഐയുടെ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി അംഗങ്ങളുടെ കാര്യത്തില്‍ ഏകദേശ ധാരണയായതായി സൂചന. ഇന്ത്യയുടെ ലോകകപ്പ് ഹാറോകളായ മാദന്‍ ലാലും ഗൗതം ഗംഭീറും കമ്മിററിയിലുണ്ടാവും. ഇവര്‍ക്കു പുറമെ മുംബൈയില്‍ നിന്നുള്ള മുന്‍ വനിതാ ക്രിക്കറ്റര്‍ സുലക്ഷണാ നായിക്കും കമ്മിറ്റിയില്‍ ഉണ്ടാവാന്‍ ഇടയുണ്ട്. ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെങ്കിലും മദന്‍ലാലും ഗംഭീരും കമ്മിറ്റിയില്‍ സ്ഥാനമുറപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മദന്‍ലാലായിരിക്കും കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം.1983 ലെ ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നയാളാണ് മദന്‍ലാല്‍. 1974-1987 കാലഘട്ടത്തില്‍ ഇന്ത്യക്കായി 39 ടെസ്റ്റുകളും 67 ഏകദിനങ്ങളും കളിച്ചിട്ടുള്ള ആളാണ് . 1983 ലെ ലോകകപ്പ് ഫൈനലില്‍ മൂന്നു വിക്കറ്റുകള്‍ നേടിയ താരമാണ് മദന്‍ലാല്‍. രണ്ടാമത്തെ അംഗമായ ഗൗതം ഗംഭീര്‍ 2011 ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു.

സുലക്ഷണാ നായിക് രണ്ട് ടെസ്റ്റുകളും 46 ഏകദിനങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. അംഗങ്ങളുടെ കാര്യത്തില്‍ ബിസിസിഐ ഇതുവരെ ഒദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇവരുടെ കാര്യത്തില്‍ തത്വത്തില്‍ ധാരണയായതായി മുതിര്‍ന്ന ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത നാല് വര്‍ഷത്തേയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റിയെ തീരുമാനിക്കുക ഈ അഡൈ്വസറി കമ്മിറ്റിയായിരിക്കും.