SHARE

ബിസിസിഐയുടെ സെലക്ഷൻ കമ്മറ്റിയിലെ മൂന്ന് ഒഴിവുകളിലേക്കുള്ള അഭിമുഖം ഇന്ന് നടക്കും. മുൻ ഇന്ത്യൻ താരം മദൻ ലാൽ തലവനായ ക്രിക്കറ്റ് അഡ്വൈസറി കമ്മറ്റിയാണ് അഭിമുഖം നടത്തുന്നത്. അഭിമുഖത്തിലെ അപേക്ഷകരുടെ പ്രകടനം വിലയിരുത്തിയാവും സെലക്ഷൻ കമ്മറ്റിയിലെ ഒഴിവുകൾ ബിസിസിഐ നികത്തുക. മുൻ ഇന്ത്യൻ സൂപ്പർ താരം അജിത് അഗാർക്കറാണ് സെലക്ടറാവാൻ രംഗത്തുള്ളവരിൽ പ്രധാനി‌.

കഴിഞ്ഞ തവണയും ഈ സ്ഥാനത്തേക്ക് അഗാർക്കർ അപേക്ഷ നൽകിയിരുന്നുവെങ്കിലും സോണൽ പോളിസി മൂലം അദ്ദേഹത്തിന്റെ പേര് തഴയപ്പെടുകയായിരുന്നു‌. എന്നാൽ ഇത്തവണ അഗാർക്കർ സെലക്ഷൻ കമ്മറ്റിയിൽ ഇടം പിടിക്കുമെന്നുള്ള സൂചനകൾ ശക്തമാണ്.

നിലവിൽ മുൻ ഇന്ത്യൻ സ്പിന്നർ സുനിൽ ജോഷിയാണ് ദേശീയ സെലക്ഷൻ കമ്മറ്റി ചെയർമാൻ. എന്നാൽ അഗാർക്കർ സെലക്ഷൻ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സുനിൽ ജോഷിയുടെ ചെയർമാൻ സ്ഥാനം തെറിക്കും. സെലക്ഷൻ കമ്മറ്റിയിൽ ഉള്ളവരിൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചയാളാണ് ചെയർമാനാവേണ്ടത് എന്ന ബിസിസിഐയുടെ നിയമമാണ് ഇതിന് കാരണം. അതേ സമയം അഗാർക്കറിന് പുറമേ അബി കുരുവിള, ചേതൻ ശർമ്മ, മനീന്ദർ സിംഗ്, ശിവ് സുന്ദർ ദാസ്, ദേബാശിഷ് മൊഹന്തി, രണദേബ് ബോസ് എന്നീ മുൻ താരങ്ങളും സെലക്ടർ സ്ഥാനത്തേക്ക് അപേക്ഷ നൽകിയവരിലുണ്ട്.