SHARE

കഴിഞ്ഞ മാസമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ലോകകപ്പിന് ശേഷം ഇപ്പോളത്തെ പരിശീലകനായ രവി ശാസ്ത്രിയുടെ കരാർ അവസാനിക്കുന്നതിനാലായിരുന്നു ഇത്. മുഖ്യ പരിശീലക സ്ഥാനത്തിന് പുറമേ, ടീമിന്റെ ബാറ്റിംഗ്, ബോളിംഗ്, ഫീൽഡിംഗ് പരിശീലക‌ സ്ഥാനത്തേക്കും ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. എല്ലാ വിഭാഗങ്ങളിലുമായി രണ്ടായിരത്തിനടുത്ത് അപേക്ഷകൾ ബിസിസിഐ ക്ക് ലഭിച്ചെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. അതേ സമയം മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തിന് 6 പേരെ ഷോർട്ട് ലിസ്റ്റും ചെയ്തിട്ടുണ്ട്.

മുൻ ന്യൂസിലൻഡ് പരിശീലകൻ മൈക് ഹെസൺ, മുൻ ഇന്ത്യൻ താരം റോബിൻ സിംഗ്, ഇന്ത്യൻ ടീമിന്റെ മുൻ മാനേജറായിരുന്ന ലാൽചന്ദ് രജ്പുത്, സൺ റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്ന ടോം മൂഡി, മുൻ വിൻഡീസ് താരം ഫിൽ‌ സിമ്മൺസ്, ഇപ്പോളത്തെ പരിശീലകൻ രവി ശാസ്ത്രി എന്നിവരെയാണ് അഭിമുഖത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ബിസിസിഐ ഈ 6 പേരെയും അറിയിച്ചിട്ടുണ്ട്. അതേ സമയം മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് നയിക്കുന്ന മൂന്നംഗ ക്രിക്കറ്റ് അഡ്വൈസറി കമ്മറ്റിയാണ് ഈ അഭിമുഖം നടത്തുക. കപിൽദേവിന് പുറമേ മുൻ ഇന്ത്യൻ താരം ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ അൻഷുമാൻ ഗെയിക്ക് വാദ് എന്നിവരാണ് ഈ സമിതിയിലുള്ളത്.