SHARE

ഇറ്റാലിയൻ ലീ​ഗിൽ 12 മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ ഞെട്ടിച്ചിരിക്കുന്നത് ക്ലാ​ഗ്ലിയാരിയാണ്. 24 പോയിന്റുമായി നിലവിൽ ലീ​ഗ് പട്ടികയിൽ നാലാം സ്ഥാനത്താണവർ. കഴിഞ്ഞ സീസണിൽ പതിനഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് ശ്രദ്ധേയ പ്രകടനം നടത്തിയിരിക്കുന്നത്.

സൂപ്പർതാരം റാഡ്ജ നൈൻ​ഗോളൻ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയത് മാത്രമാണ് ഇക്കുറി കാ​ഗ്ലിയാരിയൽ നടന്ന പ്രധാന ട്രാൻസ്ഫർ. ലീ​ഗിലെ ആദ്യ മത്സരത്തിൽ ബ്രെസിയോടും തൊട്ടടുത്ത മത്സരത്തിൽ ഇന്റർ മിലാനോടും തോറ്റതോടെ കാ​ഗ്ലിയാരിയെ എഴുതിതള്ളിയതായിരുന്നു. എന്നാൽ അവിടുന്ന് ഒരു കുതിപ്പായിരുന്നു റോലാൻഡോ മരൻ പരിശീലിപ്പിക്കുന്ന ടീം നടത്തിയത്.

ലീ​ഗിലെ ആദ്യ രണ്ട് തോൽവിക്ക് ശേഷം കാ​ഗ്ലിയാരി പിന്നെ തലകുനിച്ചിട്ടില്ല. പിന്നീട് നടന്ന പത്ത് മത്സരങ്ങളിൽ ഏഴിലും ജയിച്ചു. മൂന്നിൽ സമനില. ലീ​ഗിൽ നാപ്പോളിയേയും അട്ടിമറി വീരന്മാരായ ആറ്റലാന്റയേയും ഫിയോറെന്റീനയേയും കാ​ഗ്ലിയാരി വീഴ്ത്തി. റോമയെ സമനിലയിൽ തളയ്ക്കുകയും ചെയ്തു.

ലീ​ഗിൽ ഏഴ് ​ഗോളുകളുമായി ജോവ് പെഡ്രോയും നാല് ​ഗോളുകളുമായി ജിയോവാനി സിമിയോണിയുമാണ് ക്ലബിന്റെ നയിക്കുന്നത്. മധ്യനിരയിൽ ​ഗോളടിച്ചും ​ഗോളടിപ്പിച്ചും നൈൻ​ഗോളൻ നിലയുറപ്പിക്കുകയും ചെയ്യുന്നു. ടീമിലെ പത്ത് വ്യത്യസ്ത താരങ്ങൾ ഇതിനകം ​ഗോൾ നേടി എന്നതും ശ്രദ്ധേയമാണ്.