SHARE

ഇന്ത്യ എ യ്ക്കെതിരായ പരിശീലന മത്സരത്തിൽ 125 റൺസ് നേടിയ ഓസ്ട്രേലിയൻ യുവ താരം കാമറോൺ ഗ്രീൻ പൂർണ ആരോഗ്യം വീണ്ടെടുത്താൽ ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ കളിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറുമെന്ന് ഓസ്ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാംഗർ. ഇന്ത്യ എ യ്ക്കെതിരായ മത്സരത്തിനിടെ ജസ്പ്രിത് ബുംറയുടെ പന്ത് തലയ്ക്ക് കൊണ്ട് താരത്തിന് നേരത്തെ പരിക്ക് പറ്റിയിരുന്നു‌. കൺകഷന്റെ ചെറിയ ലക്ഷണങ്ങൾ താരം പിന്നാലെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഫിറ്റ്നസ് ടെസ്റ്റ് പാസാവുകയാണെ‌ങ്കിൽ ആദ്യ ടെസ്റ്റിൽ ഗ്രീൻ ഉറപ്പായും കളിക്കാനുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ പരിശീലകൻ വ്യക്തമാക്കുകയായിരുന്നു. ഗ്രീൻ കളിക്കുകയാണെങ്കിൽ അദ്ദേഹത്തിനെ ടീമിൽ ഉൾപ്പെടുത്താൻ മാത്യു വേഡിനെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ ഓപ്പണറാക്കുമെന്നാണ് കരുതപ്പെടുന്നത്. ജോ ബേൺസ്, മാർക്കസ് ഹാരിസ് എന്നിവരിൽ ഒരാൾക്കൊപ്പമാവും വേഡ് ആദ്യ ടെസ്റ്റിൽ ഓസീസ് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.

അതേ സമയം ഈ മാസം 17 നാണ് ഇന്ത്യയും, ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. പിങ്ക് ബോളിൽ നടക്കുന്ന ഈ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് അഡലെയ്ഡ് ഓവലാണ്.