SHARE

ഓസ്‌ട്രേലിയയുടെ അടുത്ത ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന താരമായിരുന്നു കാമറോണ്‍ വൈറ്റ്. എന്നാല്‍ ഇടക്കാലത്ത് പരിക്കും മോശം ഫോമും ചേര്‍ന്നതോടെ വൈറ്റിന്റെ കരിയര്‍ താഴ്ച്ചകളുടേതായി. എന്നാല്‍, വീണ്ടും വൈറ്റ് ഓസ്‌ട്രേലിയന്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്കാണ് ഈ 34കാരനെ തിരിച്ചു വിളിച്ചിരിക്കുന്നത്. 2005ലാണ് താരം അവസാനമായി ഓസ്‌ട്രേലിയയ്ക്കായി കളിച്ചത്. ബിഗ് ബാഷിനിടെ ക്രിസ് ലിന്നിന് പരിക്കേറ്റതാണ് വൈറ്റിന്റെ ഭാഗ്യം തെളിയാന്‍ കാരണം.

2005ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ വൈറ്റ് നാലു ടെസ്റ്റുകളിലും 88 ഏകദിനത്തിലും ഓസീസ് ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. കൂടാതെ 47 ട്വന്റി-20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ബിഗ് ബാഷിലെ മികച്ച പ്രകടനമാണ് വൈറ്റിനെ മൂന്നു വര്‍ഷത്തിനുശേഷം ടീമിലേക്ക് തിരിച്ചെത്തിച്ചത്. മെല്‍ബണ്‍ റെനെഗഡ്‌സിനായി 142.54 ശരാശരിയില്‍ 285 റണ്‍സാണ് ബിഗ്ബാഷില്‍ ഇതുവരെ അടിച്ചുകൂട്ടിയത്.

മോശം ഫോമിലുള്ള ഗ്ലെന്‍ മാക്‌സ്‌വെല്‍ ലിന്നിന്റെ പകരക്കാരനായി ടീമിലെത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് മാക്‌സിക്കെതിരേ നിലപാടെടുത്തതോടെ വൈറ്റിന് നറുക്കു വീഴുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് വൈറ്റിന് ലഭിച്ച പ്രതിഫലമാണ് ദേശീയ ടീമിലേക്കുള്ള വിളിയെന്ന് മുഖ്യ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് പ്രതികരിച്ചു.