SHARE

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശതാരം ആള് കേമനാണ്. വലിയ ലീഗുകളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് റാഫേല്‍ എറിക് മെസി കേരളത്തിലേക്ക് എത്തുന്നത്. പ്രായം കുറവായത് കേരളത്തിന്റെ മുന്നേറ്റത്തിന് കൂടുതല്‍ ഊര്‍ജം നല്കും. ഇടംകാലിന് പ്രാധാന്യം കൊടുക്കുന്ന താരമാണ് ഈ കാമറൂണ്‍ സ്ട്രൈക്കർ.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാന്‍ പ്രെഫഷണല്‍ ലീഗില്‍ ഫൂലഡിന്റെ താരമായി ഈ മെസിയെത്തുന്നത് പകരക്കാരന്റെ റോളിലായിരുന്നു. ഇറാന്‍ ലീഗില്‍ കൂടുതല്‍ ഗോളടിച്ചില്ലെങ്കിലും സഹതാരങ്ങളെ കൊണ്ട് വലകുലുക്കിപ്പിക്കാന്‍ താരത്തിന് സാധിച്ചു. സൗമ്യനായ മനുഷ്യനെന്നാണ് ടീമിലെ സഹതാരങ്ങള്‍ കാമറൂണ്‍ താരത്തെ വിശേഷിപ്പിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം വേഗവും മികവുമുള്ളൊരു സ്‌ട്രൈക്കറെ കിട്ടിയത് ഗുണംചെയ്യും. കഴിഞ്ഞ സീസണുകളിലെല്ലാം ടീമിന് വിനയായത് പ്രഹരശേഷിയുള്ള സ്‌ട്രൈക്കറുടെ അഭാവമായിരുന്നു. ഇത്തവണ കാമറൂണ്‍ മെസിയിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.