SHARE

ടെസ്റ്റ് സ്പെഷ്യലിസ്റ്റെന്ന വിശേഷണമുള്ള ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര ഈ വർഷത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ കളികാരനാണ്. ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ നിന്ന് 50 ലക്ഷം രൂപക്കാണ്‌ ചെന്നൈ, താരത്തെ സ്വന്തമാക്കിയത്. എന്നാൽ 6 വർഷത്തെ ഇടവേളക്ക് ശേഷം ഐപിഎല്ലിനെത്തുന്ന പുജാരക്ക് ഇക്കുറി ചെന്നൈയുടെ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കുന്ന കാര്യം സംശയമാണെന്നാണ് മുൻ ഓസ്ട്രേലിയൻ താരമായ ബ്രറ്റ് ലീ പറയുന്നത്.

ടെസ്റ്റിൽ പുജാര ഒന്നാന്തരം താരമാണെന്നും അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്താൻ ബോളർമാർ വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്നും പറയുന്ന ലീ, എന്നാൽ ടി20 ക്രിക്കറ്റ് മറ്റൊരു തരത്തിലുള്ള കളിയാണെന്നും അവിടെ വ്യത്യസ്ത സമവാക്യങ്ങളാണ് ഉള്ളതെന്നും ചൂണ്ടിക്കാട്ടി. ടി20 യിൽ അതിവേഗം റൺസ് നേടേണ്ടതുണ്ടെന്ന് പറയുന്ന ലീ, സമ്മർദ്ദത്തിൽ അങ്ങനെ ചെയ്യാൻ പുജാരക്ക് കഴിയുമോയെന്ന് കണ്ടറിയാമെന്നും കൂട്ടിച്ചേർത്തു.

“പുജാര വളരെ മികച്ച ക്രിക്കറ്റ് താരമാണ് എന്നതിൽ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ ടെക്നിക്കുകളുടെ കാര്യത്തിലും, നിശ്ചയദാർഢ്യത്തിന്റെ കാര്യത്തിലും സംശയമില്ല. എന്നാൽ ഇത് ടെസ്റ്റ് ക്രിക്കറ്റല്ല. ഇത് ടി20 യാണ്.‌ 90 മിനുറ്റിനുള്ളിൽ, 20 ഓവറുകൾക്കുള്ളിൽ ഇത് അവസാനിക്കും.”

“നിങ്ങൾക്ക് ടി20 യിൽ അതിവേഗം റൺസ് നേടേണ്ടതുണ്ട്. സമ്മർദ്ദത്തിൽ അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുമോ? ഞാൻ പുജാരയുടെ വലിയ ആരാധകനാണ്. അദ്ദേഹത്തിന് ഒത്തിരി കാര്യങ്ങൾ ടീമിന് നൽകാനുണ്ട്. എന്നാൽ ഈ ഫോർമ്മാറ്റിൽ അദ്ദേഹത്തിന് മികവ് കാട്ടാനാകുമോ എന്നത് കണ്ടറിയണം.” ലീ പറഞ്ഞു നിർത്തി.