SHARE

ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ന്യൂസിലന്‍ഡ് ടീം വല്ലാത്തൊരു പ്രതിസന്ധിയിലാണ്. അവസാന ട്വന്റി-20യില്‍ പതിനൊന്ന് താരങ്ങളെ തികച്ചൊരു ടീമിനെ ഇറക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ടിം സൗത്തിയും സംഘവും. കളിക്കാരില്‍ മിക്കവര്‍ക്കും പരിക്കേറ്റതാണ് കിവികളുടെ ദു:ഖത്തിന് കാരണം. രണ്ടാം മത്സരവും ജയിച്ച് പരമ്പര നേടിയതോടെ വലിയ ടെന്‍ഷനില്ലാതെ അവസാന മത്സരം കളിക്കാനാകുമെന്ന് മാത്രം.

നിലവില്‍ പരിക്കില്ലാത്ത താരങ്ങള്‍ പത്തുപേര്‍ മാത്രമാണ്. റോസ് ടെയ്‌ലറിന് രണ്ടാം ട്വന്റി-20യ്ക്ക് മുമ്പാണ് പരിക്കേല്ക്കുന്നത്. പകരം ടീമിലെത്തിയ ടോം ബ്രൂസിന് മത്സരത്തിനിടെ പന്തുകൊണ്ട് പരിക്കുപറ്റി. ഫീല്‍ഡിംഗിനിടെ പേശീവലിവ് അനുഭവപ്പെട്ട മാര്‍ട്ടിന്‍ ഗപ്റ്റിലും ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ല. ടീമിലുണ്ടായിരുന്ന ലോക്കി ഫെര്‍ഗൂസണ്‍ നേരത്തെ തന്നെ പരിക്കേറ്റ് മടങ്ങിയിരുന്നു.

കൂട്ടത്തില്‍ പരിക്ക് തീരെ കുറഞ്ഞ റോസ് ടെയ്‌ലറെ അവസാന മത്സരത്തില്‍ കളിപ്പിക്കാനാണ് ക്യാപ്റ്റന്‍ ടിം സൗത്തിയുടെ പദ്ധതി. മറ്റു മാര്‍ഗങ്ങളൊന്നും തങ്ങളുടെ മുന്നിലില്ലെന്നാണ് ന്യൂസിലന്‍ഡ് ടീം മാനേജ്‌മെന്റ് പറയുന്നത്. രണ്ടാം മത്സരത്തിലും ജയിച്ച ന്യൂസിലന്‍ഡ് പരമ്പരയില്‍ 2-0ത്തിന് മുന്നിലാണ്.