SHARE

രണ്ടാം എഡിഷൻ കാനഡ ടി20 ലീഗിന് ഇന്നലെ തുടക്കമായി. ആദ്യ മത്സരത്തിൽ വിൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ നയിച്ച വാൻ കൂവർ നൈറ്റ്സ്, യുവരാജ് സിംഗ് നായകനായിട്ടുള്ള ടൊറന്റോ നാഷണൽസിനെ 8 വിക്കറ്റിന് തകർത്തു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ നിശ്ചിത 20 ഓവറിൽ 159/5 എന്ന‌സ്കോർ നേടിയപ്പോൾ, വാൻ കൂവർ വെറും 17.2 ഓവറുകളിൽ 2 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കണ്ടു. അർധ സെഞ്ചുറികൾ നേടിയ ചാഡ് വിക്ക് വാൾട്ടണിന്റേയും, റാസി വാൻഡർ ഡസന്റേയും ബാറ്റിംഗാണ് ഗെയിലിനും സംഘത്തിനും തകർപ്പൻ വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ടൊറന്റോയ്ക്ക് വേണ്ടി റോഡ്രിഗോ തോമസ്, ഹെൻ റിച്ച് ക്ലാസൻ, കീറൺ പൊള്ളാർഡ് എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ച വെച്ചു. തുടക്കത്തിൽ ഏകദിന വേഗതയിലായിരുന്ന ടൊറന്റോ ഇന്നിംഗ്സിനെ അവസാന ഓവറുകളിൽ ക്ലാസനും, പൊള്ളാർഡും ചേർന്ന് നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ക്ലാസൻ 20 പന്തിൽ 41 റൺസും, പൊള്ളാർഡ് 13 പന്തിൽ 30 റൺസുമെടുത്തു. നായകൻ യുവരാജ് 14 റൺസെടുത്ത് പുറത്തായി.

വിജയലക്ഷ്യം പിന്തുടർന്ന വാൻ കൂവറിന് സ്കോർ ബോർഡിൽ 36 റൺസെത്തിയപ്പോളേക്കും ഓപ്പണർമാരായ ക്രിസ് ഗെയിലിന്റേയും, ടൊബിയാസ് വിസയുടേയും വിക്കറ്റുകൾ നഷ്ടമായി. എന്നാൽ പിന്നീട് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ചാഡ് വിക്ക് വാൾട്ടണും, റാസി വാൻഡർഡസനും ചേർന്ന് അവരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു‌. വാൾട്ടൺ 35 പന്തിൽ 4 വീതം ബൗണ്ടറികളും സിക്സറുകളുമായി 59 റൺസും, വാൻഡർ ഡസൻ 43 പന്തിൽ 4 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 65 റൺസ് നേടിയും പുറത്താകാതെ നിന്നു.