SHARE

ബാഴ്സലോണ, റയൽ മഡ്രിഡ്, അത്ലെറ്റിക്കോ മഡ്രിഡ്.. സ്പെയിനിലെ ഈ മൂന്ന് വമ്പൻ ക്ലബുകൾക്കെതിരെ കളിക്കാൻ സാധിക്കുക എന്നത് തന്നെ വലിയ ഭാ​ഗ്യമാണ്. അപ്പോൾ പിന്നെ മൂവർക്കുമെതിരെ ​ഗോളടിക്കുകയെന്നാൽ മഹാഭാ​ഗ്യവും. അതിൽ തന്നെ രണ്ടും വിജയ​ഗോൾ കൂടിയാണെന്ന് അതിലും വലിയ ഭാ​ഗ്യം

പറഞ്ഞുവന്നത് റയൽ ബെറ്റിസിന്റെ മധ്യനിരതാരം സെർജിയോ കനാലെസിനെക്കുറിച്ചാണ്. ഇന്നലെ ലാ ലി​ഗയിൽ അത്ലെറ്റിക്കോ മഡ്രിഡ് ബെറ്റിസിനോട് തോറ്റു. തുടർച്ചയായി 18 ലീ​ഗ് മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ചശേഷമായിരുന്നു ഇന്നലെ അത്ലെറ്റിക്കോയുടെ തോൽവി. 65-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സ്പാനിഷ് താരമായ കനാലെസാണ് ബെറ്റിസിന് വിജയമുറപ്പിച്ച ​ഗോൾ നേടിയത്. ലീ​ഗിലെ വമ്പൻ ക്ലബുകൾക്കെതിരെ ഇത് മൂന്നാം തവണയാണ് കനാലെസ് വലകുലുക്കുന്നത്. നേരത്തെ സീസണിൽ ബാഴ്സലോണയ്ക്കെതിരേയും റയൽ മഡ്രിഡിനെതിരേയും കനാലെസ് ​ഗോൾ നേടിയരുന്നു.

ബാഴ്സയെ അവരുടെ മൈതാനമായ ന്യൂകാമ്പിൽ ബെറ്റിസ് തകർത്തത് മൂന്നിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു. അന്ന് 83-ാം മിനിറ്റിലായിരുന്നു കനാലെസിന്റെ വിജയ​ഗോൾ . റയലിനെതിരെ തോറ്റ മത്സരത്തിലാണ് കനാലെസ് ​ഗോൾ നേടിയത്. മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു ​ഗോൾ. അറ്റാക്കിങ് മിഡ്ഫീൽഡറായ കനാലെസ് ഈ സീസണിലാണ് ബെറ്റിസിലെത്തുന്നത്.