SHARE

സാമ്പത്തികമായി മെച്ചമാകില്ലെന്ന കാരണത്താൽ ബംഗ്ലാദേശുമായി ഈ വർഷം നടക്കാനിരുന്ന ഏകദിന, ടെസ്റ്റ് പരമ്പരകൾ ക്രിക്കറ്റ് ഓസ്ട്രേലിയ ഉപേക്ഷിച്ചിരുന്നു. പരമ്പര നടത്താൻ നിശ്ചയിച്ചിരുന്ന ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ ഓസ്ട്രേലിയയിൽ ഫുട്ബോൾ സീസണാണെന്നും അത് കൊണ്ടു തന്നെ സാമ്പത്തികമായി ഈ പരമ്പരകൾ വലിയ നഷ്ടം വരുത്തുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരമ്പര ഉപേക്ഷിക്കാനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശ്രമം. ഇതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇതിൽ നീരസം അറിയിച്ച് രംഗത്ത് വന്നതോടെ പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.

2 ടെസ്റ്റുകളും, 3 ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയാണ് ബംഗ്ലാദേശ് ഓസ്ട്രേലിയയിൽ കളിക്കാനിരുന്നത്. ഇത് ഉപേക്ഷിച്ചതിന് നഷ്ടപരിഹാരമായി അവരുമായി ടി20 പരമ്പര നടത്താനുള്ള താല്പര്യമാണ് ഓസീസ് ക്രിക്കറ്റ് ബോർഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. 2019 ലെ ഏകദിന ലോകകപ്പിന് ശേഷം ഈ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശ്രമങ്ങളോട് പക്ഷേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇതേ വരെ അഭിപ്രായം. അറിയിച്ചിട്ടില്ല.

എന്നാൽ ടെസ്റ്റ്, ഏകദിന പരമ്പര ഉപേക്ഷിച്ചതിനെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇപ്പോളും വളരെ രൂക്ഷമായാണ് പ്രതികരിക്കുന്നത്. ലാഭമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പരമ്പര ഉപേക്ഷിച്ചതാണ് അവരെ രോഷം കൊള്ളിക്കുന്നത്. എല്ലാ പരമ്പരകളും ലാഭമാകില്ലെന്നും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് ഇത്തരത്തൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സി.ഇ.ഓ നിസാമുദ്ധീൻ ചൗധരി പറയുന്നു.