SHARE

കളിക്കാരുടേത് പോലെ തന്നെ പരിശീലകരുടെ കൂടുമാറ്റവും പ്രതിഫലവുമൊക്കെ ഫുട്‌ബോള്‍ ലോകത്ത് ചൂടേറിയ ചര്‍ച്ചാവിഷയമാണ്. പ്രശസ്താരായ പരിശീലകരൊക്കെ തന്നെ യൂറോപ്പിലെ പ്രധാന ലീഗുകളില്‍ തന്നെയാണെങ്കിലും ലോകത്തില്‍ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പരിശീലകരുള്ളത് ചൈനയിലാണ്.

ഫുട്‌ബോളിലെ പുതിയ തരംഗമായി മാറിയ ചൈനീസ് സൂപ്പര്‍ ലീഗ്, യൂറോപ്പില്‍ നിന്ന് വന്‍തുക മുടക്കി കളിക്കാരെ ടീമിലെത്തിക്കാറുണ്ട്. പരിശീലകരുടെ കാര്യത്തിലും അവര്‍ അങ്ങനെതന്നെയാണ്.ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത ലൂയിസ് ഫിലിപ്പ് സ്‌കോളാരി , ഇറ്റലിക്ക് ലോകകപ്പ് നേടിക്കൊടുത്ത മാഴ്‌സെലോ ലിപ്പി തുടങ്ങിയവര്‍ ചൈനയില്‍ പരീശീലിപ്പിച്ചിട്ടുണ്ട്. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ മാനുവല്‍ പെല്ലഗ്രിനി, വിഖ്യാത പരിശീലകന്‍ ഫാബിയോ കാപ്പെല്ലോ എന്നവരും ഇപ്പോള്‍ ചൈനയിലുണ്ട്.

-Advertisement-

എന്നാല്‍ ചൈനീസ് ലീഗില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പരിശീലകന്‍ മുന്‍ ലോകപ്പ് ജേതാവായ ഫാബിയോ കന്നവാരോയാണ്. ഗ്വാങ്ഷു എവര്‍ഗ്രാന്‍ഡെയുടെ പരിശീലകനായ കന്നവാരോയുടെ വാര്‍ഷിക പ്രതിഫലം 12 ദശലക്ഷത്തോളം യൂറോയാണ്. പെല്ലഗ്രിനിയും കാപ്പെല്ലായും പത്ത് ദശലക്ഷത്തോളം യൂറോയാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍, ചെല്‍സിയുടെ അന്റോണിയോ കോണ്ടെ തുടങ്ങിയവരൊക്കെ പ്രത്ഫലക്കാര്യത്തില്‍ കന്നവാരോയ്ക്ക് പിന്നിലാണ്.

അതേസമയം ലോകത്തില്‍ തന്നെ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്നവരില്‍ നാലാമതാണ് കന്നവാരോ. കന്നവാരോയടങ്ങുന്ന ഇറ്റാലിയന്‍ ടീമിന് ലോകകപ്പ് നേടിക്കൊടുത്ത ലിപ്പിയാണ് പ്രതിഫലക്കാര്യത്തില്‍ മുന്നില്‍ 18 ദശലക്ഷം യൂറോയാണ് ചൈനീസ് ദേശീയടീം പരിശീലകനായ ലിപ്പി കൈപ്പറ്റുന്നത്. പെപ് ഗ്വാര്‍ഡിയോള, ഹോസെ മോറീന്യോ എന്നിവരാണ് പ്രതിഫലക്കാര്യത്തില്‍ കന്നവാരോയ്ക്ക് മുന്നിലുള്ള രണ്ട് പേര്‍.