SHARE

ചൈനീസ് സൂപ്പർ ലീ​ഗ് കിരീടം സൂപ്പർ ക്ലബ് ​ഗ്വാങ്ഷു എവർ​ഗ്രാൻഡെയ്ക്ക്. ഇന്നലെ നടന്ന അവസാന ദിവസത്തെ ലീ​ഗ് മത്സരത്തിൽ ഷെങ്ഹ്വയെ തോൽപ്പിച്ചതോടെയാണ് എവർ​ഗ്രാൻഡെ കീരീടം സ്വന്തമാക്കിയത്. ഇറ്റലിയെ ലോകകപ്പ് ജേതാവാക്കിയ നായകൻ ഫാബിയോ കന്നവാരോയാണ് ക്ലബിന്റെ പരിശീലകൻ.

30 മത്സരങ്ങളിൽ നിന്ന് 23 ജയമുൾപ്പെടെ 72 പോയിന്റോടെയാണ് കന്നവാരോ കളിപഠിപ്പിച്ച ക്ലബ് കിരീടം ചൂടിയത്. കുറച്ചുനാൾ മുമ്പ് ക്ലബിനുള്ളിലെ പ്രശ്നങ്ങളെത്തുടർന്ന് കന്നവാരോ പുറത്താക്കലിന്റെ വക്കിലായിരുന്നു. എന്നാൽ പിന്നീട് പ്രശ്നങ്ങളൊക്കെ പരിഹരിച്ചശേഷമാണിപ്പോൾ ക്ലബിന്റെ കിരീടനേട്ടം. ക്ലബിന്റെ എട്ടാം സൂപ്പർ ലീ​ഗ് കിരീടമാണ്. 2011 മുതൽ 17 വരെ തുടർച്ചയായി ഏഴ് തവണ ​ഗ്വാങ്ഷു കിരീടം ചൂടിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഷാങ്ഹായ് സിപ്ജിനോട് കിരീടം അടിയറവ് വയ്ക്കേണ്ടിവന്നിരുന്നു.

ഇക്കുറി എവർ​ഗ്രാൻഡെയുടെ കിരീടനേട്ടത്തിൽ നിർണായകപങ്ക് വഹിച്ചത് ബ്രസീലിയൻ താരം പൗളീന്യോയാണ്. പത്തൊമ്പത് ​ഗോളുകളാണ് സീസണിൽ ഈ മുൻ ബാഴ്സലോണ താരം നേടിയത്.