SHARE

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നിനാണ് ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. ആതിഥേയരായ കേരളാ ബ്ലാസ്റ്റേഴ്സ് ചിരവൈരികളായ ബെംഗളൂരു എഫ് സിയെ നേരിടുമ്പോൾ പോരാട്ടം പൊടിപാറുമെന്നുറപ്പ്. എത്ര കരുത്തുറ്റ ടീമാണെങ്കിലും കൊച്ചിയിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ വമ്പൻ ആരാധക പിന്തുണയെ മത്സരത്തിൽ അതിജീവിക്കുക അത്ര എളുപ്പമല്ല. കൊച്ചിയിൽ കളിക്കാനെത്തിയിരിക്കുന്ന ബെംഗളൂരു എഫ് സി പരിശീലകൻ ചാൾസ് കുവാഡ്രട്ടും മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവേ ഇവിടെ പോയിന്റ് നേടുന്നതിലെ ബുദ്ധിമുട്ടിനെക്കുറിച്ച് പറയുകയുണ്ടായി. എന്നാൽ ആരാധ പിന്തുണയേക്കാൾ ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോളത്തെ ഫോമാണ് അതിന് കാരണമായി കുവാഡ്രട്ട് ചൂണ്ടിക്കാട്ടുന്നത്.

തിങ്കളാഴ്ചത്തെ മത്സരം ബെംഗളൂരുവിന് ശരിക്കും വെല്ലുവിളിയാണെന്നും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ഈ മത്സരത്തിൽ നിന്ന് തങ്ങൾക്ക് എന്തെങ്കിലും നേടാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. കൊച്ചിയിലെ മത്സരത്തിൽ പോയിന്റ് നേടാൻ ബെംഗളൂരു താരങ്ങൾക്ക് നന്നായി വിയർക്കേണ്ടി വരുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

“കേരളം ലീഗിൽ അപരാജിതരായി മുന്നേറുകയാണ്. അത് കൊണ്ട് തന്നെ ഈ മത്സരത്തിൽ പോയിന്റ് നേടുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് തന്റെ അഭിപ്രായം. എല്ലാ താരങ്ങളും അവരുടെ പരമാവധി മികവ് കളിക്കളത്തിൽപുറത്തെടുത്താൽ മാത്രമേ ഈ മത്സരത്തിൽ നിന്ന് എന്തെങ്കിലും നേടാൻ തങ്ങൾക്ക് കഴിയൂ”. ബെംഗളൂരു പരിശീലകൻ പറഞ്ഞുനിർത്തി.