SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ മികച്ച പരിശീലകരിലൊരാളായിരുന്നു കാർലസ് ക്വാഡ്രാറ്റ്. തന്റെെ ആദ്യ സീസണിൽ തന്നെ ബം​ഗളുരു എഫ്സിയെ ഐഎസ്എൽ ജേതാക്കളാക്കാൻ ക്വാഡ്രാറ്റിന് സാധിച്ചു. എന്നാൽ കഴിഞ്ഞ സീസണിനിടെ സ്പാനിഷ് പരിശീലകനായ ക്വാഡ്രാറ്റ് പുറത്തായി.

ബെം​ഗളുരു വിട്ട ക്വാഡ്രാറ്റ് ഇക്കുറി മറ്റേതെങ്കിലും ക്ലബിലൂടെ ഐഎസ്എല്ലിൽ തന്നെ തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ല. പിന്നാലെയിപ്പോൾ ക്വാഡ്രാറ്റ് പുതിയ ദൗത്യമേറ്റെടുത്തു. സൈപ്രസ് ക്ലബ് അരിസ് ലിമാസോളിന്റെ സഹപരിശീലകനായാണ് 52-കാരനായ ക്വാ‍ഡ്രാറ്റ് നിയമിതനായത്. ക്ലബ് ഇക്കാര്യം പ്രഖ്യാപിച്ചു. 91 വർഷം മുമ്പ് സ്ഥാപിച്ച അരിസ്, സൈപ്രസിലെ ഏറ്റവും പഴയ ക്ലബുകളിലൊന്നാണ്.

ബാഴ്സലോണയുടെ യൂത്ത് ടീം താരമായിരുന്ന ക്വാ‍ഡ്രാറ്റ്, 2009-ൽ തുർക്കി ക്ലബ് ​ഗലാറ്റസരെയുടെ സഹപരിശീലകനായാണ് കോച്ചിങ് കരിയർ തുടങ്ങുന്നത്. പിന്നീട് എൽ സാൽവദോർ, സൗദി അറേബ്യ ദേശീയ ടീമുകളുടെ സഹപരിശീലകനായിരുന്നു. ബെം​ഗളുരു എഫ്സിയിൽ ആദ്യം ആൽബർട്ട് റോക്കയുടെ സഹപരിശീലകനായിരുന്ന ക്വാ‍ഡ്രാറ്റ് 2018-ലാണ് മുഖ്യ പരിശീലകനായി സ്ഥാനമേൽക്കുന്നത്.