SHARE

ബാഴ്സലോണയുടേയും സ്പെയിന്റേയും മുൻ സൂപ്പർതാരം കാർലസ് പുയോളിനെ കളിമികവിനൊപ്പം തന്നെ ശ്രദ്ധേയനാക്കുന്നതാണ് നീളൻ ചരുണ്ട മുടി. ഫുട്ബോൾ ലോകത്തെ തന്നെ, ഏറ്റവും മാന്യനായ കളിക്കാരിലൊരാളായി പരി​ഗണിക്കപ്പെടുന്ന പുയോളന്, തന്റെ നീളൻ മുടി കാരണം ഇപ്പോൾ ഇറാനിൽ അപമാനിതനാകേണ്ടിവന്നതായി റിപ്പോർട്ടുകൾ.

ഇറാനിലെ ചാനലിന് വേണ്ടി ഇറാൻ-സ്പെയിൻ മത്സരം വിശകലനം ചെയ്യാനെത്തിയതായിരുന്നു പുയോൾ. എന്നാൽ ചാനലിന്റെ സ്റ്റുഡിയോയിൽ പുയോളിനെ പ്രവേശിപ്പിച്ചില്ല. അദേൽ ഫെർദോസിപോറിനൊപ്പമായിരുന്നു പുയോൾ പരിപാടിയൽ പങ്കെടുക്കേണ്ടിയിരുന്നത്. പുയോളിന് പ്രവേശനം നിഷേധിച്ചതോടെ, ദുഖിതനായ അദേൽ ഒറ്റയ്ക്കാണ് പരിപാടി അവതരിപ്പിച്ചത്. പുയോൾ ഹോട്ടലിലുണ്ടെന്നും, ഇവിടെയത്തിക്കാൻ പരമാവധി ശ്രമിച്ചിട്ടും സാധിച്ചില്ല, എന്ന് പറഞ്ഞ അദേൽ പ്രേക്ഷകരോട് മാപ്പ് പറഞ്ഞു.

പരിപാടിയിൽ പങ്കെടുക്കുന്നതിന് പുയോൾ ചോദിച്ച തുക വളരെ വലുതായിരുന്നു, അത് അംഗീകരിക്കാതിരുന്നതിനാലാണ് പരിപാടയിൽ താരം പങ്കെടുക്കാതിരുന്നതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ വന്നത്. എന്നാൽ വ്യാഴാഴ്ച ഒരു വെബ്സൈറ്റാണ്, നീളൻ മുടിയുമായി ചാനൽ പരിപാടിയൽ പങ്കെടുക്കരുതെന്ന് നിർദേശിച്ചതിനാലാണ് പുയോൾ പരിപാടിക്കെത്താതിരുന്നതെന്ന് വാർത്ത നൽകിയത്. ഈ വാർത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധവുമായി ധാരാളം പേർ എത്തി.